ഇസ്ലാം ഒരു അറബ് മതമാണെന്ന് പലരും വിചാരിക്കാറുണ്ട്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് അത്തരം വിചാരത്തിന് പിന്നിലുള്ളത്. അവ ഇതാണ്. 1) മുഹമ്മദ് നബി അറബിയാണ് 2) മുസ്ലിംകളുടെ ആദ്യകാല തലമുറകളില്‍ ഭൂരിഭാഗവും അറബികളാണ് 3) ഖുര്‍ആന്‍ അറബിഭാഷയിലാണ്.
എന്നാല്‍ ഇതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെങ്കിലും ഇസ്ലാം ഒരു അറബി മതമാണെന്ന് പറയുന്നത് ശരിയല്ല. കാരണം, ഇന്ന് ലോകത്തുള്ള മുസ്ലിംകളില്‍ 18 ശതമാനം മാത്രമെ അറബ് ജനസംഖ്യ വരികയൊള്ളൂ. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യം ഇന്ത്യോനേഷ്യയാണ്. അത് ഒരു അറബി രാജ്യമല്ല എന്നതാണ് യാദാര്‍ത്ഥ്യം. കൂടാതെ ആഫ്രിക്കയുടെ പലഭാഗങ്ങളിലും ഇസ്ലാം വ്യാപകമാണ്. അപ്രകാരം തന്നെ യൂറോപ്പ്, വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളും മുസ്ലിം സാന്നിധ്യമുണ്ട്.
ലോകത്ത് അതിവേഗം വളരുന്ന പ്രധാന മതമാണ് ഇസ്ലാം. എല്ലാ ഭൂഖണ്ഡങ്ങളിലേയും അതിന്‍റെ അനിയായികളില്‍ അറബികളും അനറബികളും ഉള്‍പ്പെടുന്നുണ്ടെന്ന് കാണാവുന്നതാണ്. എല്ലാ അറബികളും മുസ്ലികളല്ല എന്നതും വസ്തുതയാണ്. കൃസ്ത്യന്‍ അറബികളുടെ ധാരാളം സമുദായങ്ങളെയും മറ്റു മതങ്ങളില്‍പ്പെട്ടവരെയും നിരീശ്വരവാദം പോലും ഉന്നയിക്കുന്നവരെയും അറബികളുടെ കൂട്ടത്തില്‍ കാണാവുന്നതാണ്. അറബ് എന്നത് ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ ഒരു പദമാണെങ്കില്‍ മുസ്ലിം എന്ന പദം സൂചിപ്പിക്കുന്നത് ഇസ്ലാം മതത്തോട് ചേര്‍ന്നു നില്‍ക്കുന്നവരെയാണ്.
ഖുര്‍ആന്‍ വെളിപ്പെടുന്നതിന്‍റെ പ്രാരംഭഘട്ടത്തില്‍ പോലും ഇസ്ലാം ഒരു ആഗോളമതമായാണ് പരിചയപ്പെടുത്തപ്പെട്ടത്. ഖുര്‍ആന്‍ പറയുന്നതായി കാണാം. "ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടെല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല" (21:107). "താങ്കളെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയിക്കൊണ്ടുതന്നെയാണ് അയച്ചിട്ടുള്ളത്". പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല (34:28). ഇവിടെയൊന്നും അറബികള്‍ക്ക് മാത്രം അയക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബി എന്ന് കാണാനാകില്ല.
വംശം, ദേശീയത, സംസ്കാരിക മത പശ്ചാതലം എന്നിവ പരിഗണിക്കാതെ എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ളതാണ് ഇസ്ലാം. നബി (സ്വ) തന്‍റെ പ്രബോധന ദൗത്യം ആരംഭിച്ചതുമുതല്‍ തന്നെ വിവിധ ദേശങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും ആളുകള്‍ ഇസ്ലാമിലേക്ക് പ്രവേശിച്ചിരുന്നതായി ചരിത്രം വായിക്കുമ്പോള്‍ കാണാവുന്നതാണ്. അക്കൂട്ടത്തില്‍ ആഫ്രിക്കക്കാരനും ബൈസാന്‍റിയക്കാരനും പേര്‍ഷ്യക്കാരനും ജൂത പണ്ഡിതനും ഉണ്ടായിരുന്നു. വിശ്വാസ സാഹോദര്യം എന്ന നിലയില്‍ എല്ലാവരും ഐക്യത്തിലായിരുന്നുവെന്നതും ചരിത്ര വസ്തുതയാണ്.
ഇസ്ലാമിന്‍റെ സാര്‍വത്രിക സ്വഭാവത്തെ കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ഉള്ളതായി നമുക്ക് കാണാം. അവയെല്ലാം പതിവായി മനുഷ്യരാശിയെ അഭിസംബോധന ചെയ്യുന്നത് മനുഷ്യരേ അല്ലെങ്കില്‍ ജനങ്ങളേ എന്നു പറഞ്ഞുകൊണ്ടാണ്.
പ്രവാചകനും അനുചരന്മാരും അനുയായികളും സത്യത്തിന്‍റെ സന്ദേശം എല്ലാ രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായും ചരിത്രത്തില്‍ വായിക്കാനാകും. നബി (സ്വ) സ്വാഭാവികമായും തന്‍റെ ജനമായ അറബികള്‍ക്കിടയിലാണ് ദൈവ സന്ദേശം പ്രചരിപ്പിക്കാന്‍ ആരംഭിച്ചത് എന്നുണ്ടെങ്കിലും ആ സന്ദേശം അവര്‍ക്ക് മാത്രം പരിമിതമായിരുന്നു എന്ന് അതിനര്‍ത്ഥമില്ല. പകരം, തുടക്കത്തില്‍ തന്നെ തന്‍റെ അടുത്തുള്ളവര്‍ക്ക് ഈ സന്ദേശം എത്തിക്കുക എന്നത് ദീര്‍ഘകാല സാക്ഷാല്‍കാരത്തിലേക്കുള്ള യുക്തിസഹമായ ലക്ഷ്യമായിരുന്നു. പിന്നീട് സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായപ്പോള്‍ ബൈസാന്‍റിയം, പേര്‍ഷ്യ, അബിസീനിയ, ഈജിപ്ത്, ഡമാസ്കസ്, ബഹ്റൈന്‍, യമാമ, ഒമാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഭരണാധികാരികള്‍ക്കും അക്കാലത്ത് സ്വാധീനമുള്ള ലോകവ്യക്തികളെ പ്രതിനിധീകരിക്കുന്നവര്‍ക്കും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകള്‍ പ്രവാചകന്‍ അയച്ചിരുന്നതായും കാണാനാകും. അതിനോടുള്ള അവരുടെ പ്രതികരണം എന്തുതന്നെയായാലും പ്രവാചകന്‍റെ സന്ദേശം അദ്ദേഹത്തിന്‍റെ കാലത്തെ പ്രധാനശക്തികളെല്ലാം പൂര്‍ണമായും അംഗീകരിച്ചിരുന്നു എന്നതാണ് യാദാര്‍ത്ഥ്യം.
ചുരുക്കത്തില്‍ ഇസ്ലാം അറബ് മതമാണെന്ന വാദം ശരിയല്ല. മറിച്ച് ലോക ജനങ്ങള്‍ക്ക് മുഴുവനായുള്ള സന്ദേശമാണ് ഇസ്ലാം നല്‍കുന്നത്.
Post a Comment