എന്താണ് ഇസ്ലാം?


ഇസ്ലാം എന്നത് ഒരു അറബി പദമാണ്. അനുസരണം, കീഴ് വണക്കം, സമ്പൂര്‍ണ സമര്‍പ്പണം എന്നെല്ലാം അതിന് അര്‍ത്ഥമുണ്ട്. 


മറ്റൊരു വിധത്തില്‍ ഇസ്ലാം എന്നാല്‍ ദൈവത്തെ അനുസരിക്കലും അവന് കീഴ് വണങ്ങലും അവന്‍ നിശ്ചയിച്ച പെരുമാറ്റച്ചട്ടത്തിനു മുന്നില്‍ സ്വമനസ്സാലെയുള്ള സമര്‍പ്പണമാണ്.


അതിനാല്‍ ഇസ്ലാം ഒരു മതമാണ് എന്നതിനോടൊപ്പം തന്നെ ഒരു വ്യക്തിയും അവന്‍റെ സ്രഷ്ടാവും തമ്മിലുള്ള സ്വമേധയായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പൂര്‍ണ ജീവിതരീതി കൂടിയാണ്. 


അത് ദൈവം നിശ്ചയിച്ചതും അവന്‍റെ ഓരോ പ്രവാചകന്മാരും ദൂതന്മാരും പഠിപ്പിച്ചതുമായ കാര്യങ്ങളാണ്. 


എന്താണ് ഇസ്ലാം?

മറ്റു മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്ന കാര്യം ആരാധനക്ക് യോഗ്യനായ ഒരു ദൈവമായി ഏതുതരത്തിലുള്ള സൃഷ്ടിയെയും അംഗീകരിക്കാന്‍ അത് വിസമ്മതിക്കുന്നു എന്നതാണ്. പകരം, പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച ഏകദൈവത്തെ ആരാധിക്കാനും എല്ലാ സൃഷ്ടികളും ഒടുവില്‍ അവനിലേക്ക് മടങ്ങുമെന്ന ആശയം മുന്നോട്ടുവെക്കുകയുമാണ് ചെയ്യുന്നത്.


ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്‍റെ അടിത്തറയും ഏറ്റവും പ്രധാനപ്പെട്ട ആശയവും. ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ഇസ്ലാം തയ്യാറല്ല.


എല്ലാറ്റിന്‍റെയും സ്രഷ്ടാവും പരിപാലകനുമായി ദൈവത്തെ അംഗീകരിക്കുക മാത്രമല്ല ഇസ്ലാം ചെയ്യുന്നത്; അവനാണ് ഏക യദാര്‍ത്ഥ ദൈവമെന്നും ആരാധിക്കപ്പെടാന്‍ യോഗ്യനെന്നും പ്രഖ്യാപിക്കുകകൂടി ചെയ്യുന്നുണ്ട്.


കൂടാതെ, ദൈവത്തിന്‍റെ ഗുണവിശേഷണങ്ങള്‍ അവന്‍റെ സൃഷ്ടികളുടെ സവിശേഷതകളല്ലെന്നും അവയുമായി താരതമ്യപ്പെടുത്താനാവില്ലെന്നും ഇസ്ലാം പറയുന്നു. ഇസ്ലാം മുന്നോട്ടുവെക്കുന്ന ദൈവം ഏകനും നിരാശ്രയനും എല്ലാം തികഞ്ഞവനും അതുല്യനുമാണ്. 

Post a Comment

Previous Post Next Post