ശൈഖ് ഹംസ യൂസുഫ് : പുതിയ ലോകത്തെ പണ്ഡിത വിസ്മയം

ആഗോള ഇസ്ലാമിക ചലനങ്ങളെ നോക്കിക്കാണുന്നവര്‍ക്കും നിരീക്ഷിക്കുന്നവര്‍ക്കും പരിചയമുള്ള നാമമായിരിക്കും ശൈഖ് ഹംസ യൂസുഫിന്‍റേത്. ഇംഗ്ലീഷ് ഭാഷയില്‍ മനോഹരമായി ഇസ്ലാമിക ആശയങ്ങളെ അവതരിപ്പിക്കുകയും ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങളെ വസ്തുനിഷ്ഠമായി പ്രതിരോധിക്കുകയും ചെയ്യുന്ന സമകാലിക മുസ്ലിം പണ്ഡിതരില്‍ വേറിട്ടും മുന്നിട്ടും നില്‍ക്കുന്ന വ്യക്തിയാണദ്ധേഹം. ഇസ്ലാമിക പണ്ഡിതന്‍, മത പ്രബോധകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, അധ്യാപകന്‍, ഉപദേശകന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച വ്യക്തികൂടിയാണ്.


ശൈഖ് ഹംസ യൂസുഫ് : പാശ്ചാത്യ ലോകത്തെ പണ്ഡിത വിസ്മയം


1960 ജനുവരി 1 ന് അമേരിക്കയിലെ വാഷിംഗ്ടണില്‍ ഒരു ഗ്രീക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഹംസ യൂസുഫ് ജനിക്കുന്നത്. മാര്‍ക് ഹാന്‍സണ്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പഴയ പേര്. മാതാപിതാക്കള്‍ വിദ്യാസമ്പന്നരായതുകൊണ്ടുതന്നെ ചെറുപ്പം മുതലേ വിദ്യാഭ്യാസം നേടാനുള്ള അവസരം ഹംസ യൂസുഫിനും ലഭിച്ചിരുന്നു. യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന പിതാവില്‍ നിന്നു തന്നെ ഫിലോസഫിയും കവിതകളും പഠിച്ച അദ്ദേഹം നോര്‍ത്ത് കാലിഫോര്‍ണിയയിലായിരുന്നു തന്‍റെ ബാല്യം ചെലവഴിച്ചത്.


ശൈഖ് ഹംസ യൂസുഫ് ഇസ്ലാം സ്വീകരിക്കുന്നത് തന്‍റെ 17 -ാം വയസ്സിലാണ്. ആ സമയത്ത് അദ്ദേഹം ക്രിസ്ത്യന്‍ തിയോളജിയില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. തന്‍റെ ഹൈസ്കൂള്‍ ജീവിതകാലത്തുണ്ടായ മാരകമായ ഒരു കാറപകടം തന്നെ അസ്തിത്വപരമായ അന്വേഷണത്തിന് വഴിയൊരുക്കിയെന്നും ത്രിയേകത്വമെന്ന ക്രൈസ്തവ ദൈവസങ്കല്‍പ്പത്തെക്കാളും അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന ഇസ്ലാമിന്‍റെ ലളിതമായ സന്ദേശം തന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചെന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. 


പില്‍കാലത്ത് ഇസ്ലാമിലേക്ക് ആകര്‍ഷിച്ച് ഇസ്ലാമിക പ്രബോധനങ്ങളില്‍ സജീവമായ നിരവധി പേരുണ്ടെങ്കിലും ശൈഖ് ഹംസ യൂസുഫ് അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. ഇസ്ലാം സ്വീകരിച്ച ശേഷം ഇസ്ലാം പഠനത്തിന് വേണ്ടി മാത്രം പത്തുവര്‍ഷം അദ്ദേഹം മാറ്റിവെച്ചു എന്നുള്ളതാണ് അതിന്‍റെ പ്രധാന കാരണം. തുടക്കത്തില്‍ തന്നെ തസ്വവുഫിലും അദ്ദേഹം ആകൃഷ്ടനായിരുന്നു. അതിനാല്‍ ഖാദിരിയ്യ ത്വരീഖത്തിനെ കുറിച്ച് പഠിക്കാന്‍ വേണ്ടി മാത്രം രണ്ടുവര്‍ഷം അദ്ദേഹം ഇംഗ്ലണ്ടില്‍ ചെലവഴിച്ചു. പിന്നീട യു.എ.ഇ യിലെ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യുട്ടില്‍ ചേര്‍ന്ന് ശരീഅത്തിലും ഇസ്ലാമിക് സയന്‍സിലും പഠനമാരംഭിച്ചു. നാലുവര്‍ഷം നീണ്ടുനിന്ന ഈ പഠന കാലയളവിനുള്ളില്‍ അറബിഭാഷയിലും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും അദ്ദേഹം പരിജ്ഞാനം നേടി.


പിന്നീട് നീണ്ട ആറുവര്‍ഷം അള്‍ജീരിയ, മൊറോക്കൊ, മൗറിത്താനിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ പഠനം. ഇതില്‍ കാര്യമായും പഠനം നടത്തിയത് മൗറിത്താനിയയില്‍ വെച്ചായിരുന്നു. യു.എ.ഇ പഠനകാലത്ത് പരിചയപ്പെട്ട സുഹൃത്താണ് ഇതിനദ്ദേഹത്തെ സഹായിച്ചത്. ആധുനിക ലോകത്തുനിന്ന് ഏറെ അകലം പാലിച്ച് ഭൗതിക താല്‍പര്യങ്ങളില്ലാതെ ജീവിക്കുന്ന സൂഫി ശൈഖുമാര്‍ക്ക് കീഴിലായിരുന്നു മൗറിത്താനിയയിലെ അദ്ദേഹത്തിന്‍റെ പഠനം. അറിവുനേടേണ്ടത് ഗുരുമുഖത്തുനിന്നാണെന്ന വാക്യത്തെ തന്‍റെ ജീവിതത്തിലൂടെ കാണിച്ചുതരിക കൂടിയായിരുന്നു ശൈഖ് ഹംസ യൂസുഫ് ഇതിലൂടെ ചെയ്തത്. മുറാബിതുല്‍ ഹജ്ജ് എന്ന പേരിലറിയപ്പെടുന്ന മൗറിത്താനിയന്‍ പണ്ഡിതന്‍ സിദി മുഹമ്മദ് മഹ്ഫൂദിയും ശൈഖ് അബ്ദുല്ലാഹ് ബിന്‍ ബയ്യയും ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഗുരുക്കന്മാര്‍. തന്നെ ഏറ്റവും സ്വാധീനിച്ച അവരെ തന്‍റെ പ്രഭാഷണങ്ങളില്‍ പലപ്പോഴും അദ്ദേഹം പരാമര്‍ശിക്കാറുണ്ട്.


ശൈഖ് ഹംസ യൂസുഫ് : പുതിയ ലോകത്തെ പണ്ഡിത വിസ്മയം
ശൈഖ് അബ്ദുല്ലാഹ് ബിന്‍ ബയ്യയോടൊപ്പം


പഠനശേഷം 1977 ല്‍ ഹംസ യൂസുഫ് അമേരിക്കയിലേക്കുതന്നെ മടങ്ങി. ശേഷം നഴ്സിംഗ് പഠിക്കുകയും പിന്നീട് സാന്‍റാ ക്ലാരാ മസ്ജിദില്‍ മുഴുസമയ ഇമാമായി ജോലി ആരംഭിക്കുകയും ചെയ്തു.


മികച്ച പ്രഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും കൂടിയായ ഹംസ യൂസുഫിനെ ജോര്‍ദാന്‍ ഭരണകൂടം വര്‍ഷാവര്‍ഷം പ്രസിദ്ധീകരിക്കാറുള്ള ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ മുസ്ലിം വ്യക്തികള്‍ എന്ന പുസ്ത്തിന്‍റെ പുതിയ എഡിഷനില്‍ (2020) ഇരുപത്തിമൂന്നാം സ്ഥാനത്ത് പരിചയപ്പെടുത്തുന്നുണ്ട്. പൊതുപ്രേക്ഷകര്‍ക്കായി ഇസ്ലാമിനെകുറിച്ചും അല്ലാത്തതുമായ ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും, തന്‍റെ ജനപ്രിയ പ്രസംഗങ്ങളിലൂടെയും ദീന്‍ ഇന്‍റന്‍സീവ്, രിഹില, ആര്‍.ഐ.എസ് തുടങ്ങിയ ഹ്രസ്വമായ പഠനപരിപാടികളിലെ അദ്ധ്യാപനങ്ങളിലൂടെയും പടിഞ്ഞാറിന്‍റെ മണ്ണില്‍ പരമ്പരാഗത സുന്നീ പാരമ്പര്യം പ്രചരിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടെന്നും ഈ പുസ്തകം പറയുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്ലിംതലമുറക്ക് അറബിയും ഇസ്ലാമിക് സയന്‍സും പഠിക്കാനുള്ള പ്രചോദനമാകാനും അദ്ദേഹത്തിനായി. അവരില്‍ പലരേയും സ്വന്തമായി അധ്യാപകരാകാനും അദ്ദേഹം പ്രേരിപ്പിച്ചു. കൂടാതെ, 21-ാം നൂറ്റാണ്ടിലെ പ്രശ്നകരമായ സാഹചര്യങ്ങളില്‍ ആത്മവിശ്വാസവും വിശ്വസ്തമായ ഇസ്ലാമിക സ്വത്വവും ശക്തിപ്പെടുത്താന്‍ അവരെ സഹായിക്കുകയും ചെയ്തു.


ഓക്സ്ഫോഡുപോലുള്ള വിശ്വപ്രസ്ത സര്‍വ്വകലാശാലകളില്‍ വരെ ഇസ്ലാമിനെ പ്രതിനിധീകരിച്ചും അല്ലാതെയും ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട് ഹംസ യൂസുഫ്. പുറമെ, വ്യത്യസ്ത വിഷയങ്ങളില്‍ മാധ്യമങ്ങളും പതിവായി അദ്ദേഹത്തെ അഭിമുഖം നടത്താറുണ്ട്.


വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഹംസ യൂസുഫിനെ വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും പരാമര്‍ശിക്കേണ്ട ഒന്നാണ് കാലിഫോര്‍ണിയയിലെ ബെര്‍കിലിയില്‍ സ്ഥിതി ചെയ്യുന്ന സൈത്തൂന ഇന്‍സ്റ്റിറ്റ്യൂട്ട്. ടുണീഷ്യയിലെ പ്രശസ്തമായ ഒരിസ്ലാമിക സര്‍വകലാശാലയുടെ പേരുകൂടിയാണ് സൈത്തൂന എന്നത്. 1996-ല്‍ തന്‍റെ ഗുരുവായ ശൈഖ് അബ്ദുല്ല ബിന്‍ ബയ്യയോടൊപ്പമാണ് ശൈഖ് ഹംസ യൂസുഫ് ഈ സ്ഥാപനം ആരംഭിക്കുന്നത്. 2008 മുതല്‍ അമേരിക്കന്‍ ഭരണകൂടത്തിന്‍റെ അംഗീകാരമുള്ള ഏക മുസ്ലിം കോളേജുമാണിത്. പ്രധാനമായും അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തിലുള്ള വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ട് പാരമ്പര്യ മുസ്ലിം പാഠ്യവിഷയങ്ങളും രീതികളും കാലികമായി പരിഷ്കരിച്ചുകൊണ്ടുള്ളതാണ് സൈതൂനയിലെ പാഠ്യപദ്ധതി. അറബി ഭാഷാ പഠനത്തിനുപുറമെ ക്ലാസിക്കല്‍ ടെക്സ്റ്റുകള്‍ അവലംബിച്ചുകൊണ്ടുള്ള ശരീഅത്ത്, ഫിഖ്ഹ്, തിയോളജി പോലുള്ള വിഷയങ്ങളും അമേരിക്കന്‍ ചരിത്രവും സാഹിത്യവും ഉള്‍പ്പെടുന്ന വൈവിധ്യപൂര്‍ണമായ വിഷയങ്ങളുമാണ് സൈതൂന കോളേജിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 


ശൈഖ് ഹംസ യൂസുഫ് : പുതിയ ലോകത്തെ പണ്ഡിത വിസ്മയം
സൈതൂന കോളേജ്


ശൈഖ് ഹംസയൂസുഫ് സൈതൂനയില്‍ അധ്യാപനം നടത്തുന്നതോടൊപ്പം തന്നെ പുസ്തകങ്ങള്‍ രചിക്കുന്നതിനും അറബിക്കവിതകളും മറ്റും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലും സമയം ചെലവഴിക്കാറുണ്ട്. അതിനാല്‍ തന്നെ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഏതാനും അക്കാദമിക് പ്രബന്ധങ്ങളും Burdha (2003), Purification of the Heart (2004), The Content of the Character (2004), The Creed of Imam al-Tahai (2007), Agenda to change our condition (2007), Walk on Water (2010), The prayer of the oppressed (2010) തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹത്തിന്‍റെ രചനയില്‍ ഉള്‍പ്പെടുന്നു.


ഇതിനെല്ലാം പുറമെ നിരവധി യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫാകല്‍റ്റി മെമ്പറായും ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജോര്‍ജ് ബുഷിന്‍റെ ഉപദേശക സമിതിയില്‍ വരെ അദ്ദേഹം അംഗമായിട്ടുണ്ട്. അതിനെ തുടര്‍ന്നതും മറ്റു ചില നിലപാടുകളെ തുടര്‍ന്നും പല വിമര്‍ശനങ്ങും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. 


ശൈഖ് ഹംസ യൂസുഫിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ https://sandala.org/ സന്ദര്‍ശിക്കാവുന്നതാണ്. എന്നാലും അതിനെക്കാളുപരി അദ്ദേഹത്തിന്‍റെ നിരവധി പ്രഭാഷണങ്ങളും ക്ലാസുകളും നിറഞ്ഞിരിക്കുന്നത് യൂട്യൂബില്‍ തന്നെയാണ്.


ചുരുക്കത്തില്‍ പുതിയ കാലത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിലും വിമര്‍ശനങ്ങള്‍ക്ക് യുക്തിഭദ്രമായി മറുപടി നല്‍കുന്നതിലും ശൈഖ് ഹംസയൂസുഫിന്‍റെ സാന്നിധ്യം ശ്രദ്ധേയമാണ്.


Post a Comment

Previous Post Next Post