മൂന്നാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും പണ്ഡിതനും ഗ്രന്ഥകാരനും അഹ്ലുസുന്നയുടെ പ്രചാരകനുമായിരുന്നു ഇമാം അബുല്‍ ഹസന്‍ അശ്അരി (റ).
പ്രബലാഭിപ്രായ പ്രകാരം ഹിജ്റ വര്‍ഷം 260 ല്‍ ബസ്വറയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വിശ്വാസ കാര്യങ്ങളില്‍ പ്രമാണങ്ങള്‍ക്കാണോ ബുദ്ധിക്കാണോ പ്രാധാന്യം നല്‍കേണ്ടെതെന്ന തര്‍ക്കങ്ങള്‍ ശക്തമാകുകയും ബിദ്അതിന്‍റെ സംഘങ്ങള്‍ വ്യാപിക്കുകയും ചെയ്തിരുന്ന അബ്ബാസിയ കാലഘട്ടമായിരുന്നു അത്. അലിയ്യുബ്നു ഇസ്മാഈല്‍ എന്നായിരുന്നു ഇമാം അശ്അരിയുടെ യദാര്‍ത്ഥ നാമം. അബുല്‍ ഹസന്‍ എന്നത് വിളിപ്പേരായിരുന്നു. പ്രമുഖ സ്വാഹാബി വര്യനായിരുന്ന അബൂമൂസല്‍ അശ്അരി (റ) വിലേക്കാണ് അദ്ദേഹത്തിന്‍റെ പരമ്പര ചെന്നെത്തുന്നത്. അതിനാലാണ് അശ്അരീ ഇമാം എന്ന് പേരില്‍ ഇമാം അബുല്‍ ഹസന്‍ അശ്അരി അറിയപ്പെടുന്നത്.
അബൂ ഇസ്ഹാഖില്‍ മര്‍വസി, അബൂ ഖലീഫ അല്‍ ജുമഹി, ഇബ്നു സുറൈജ്, സകരിയ്യ ബ്നു യഹിയ അസ്സാജി, സഹ്ലു ബ്നു നൂഹ്, മുഹമ്മദ് ബ്നു യഅ്ഖൂബ് തുടങ്ങിയവരില്‍ നിന്ന് അറിവ് നേടിയ ഇമാം പ്രമുഖ മുഅ്തസിലി പണ്ഡിതനായിരുന്ന അബൂ അലിയ്യുല്‍ ജുബാഈയുടെ കീഴിലും നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ചിരുന്നു. അതിനാല്‍, ആദ്യകാലത്ത് ഇമാം അശ്അരിയും മുഅ്തസിലീ ആശയക്കാരനായിരുന്നു. യുക്തിക്കനുയോജ്യമായ രീതിയില്‍ ഖുര്‍ആനിനെയും ഹദീസിനെയും വ്യാഖ്യാനിച്ചും തങ്ങളുടെ യുക്തിയിലൊതുങ്ങാത്തതിനെ തള്ളികളഞ്ഞുമായിരുന്നു മുഅ്തസിലക്കാര്‍ ആശയങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്. അതിന്‍റെ ഫലമായി അഹ്ലുസുന്നക്ക് വിരുദ്ധമായ പല ആശയങ്ങളും അവര്‍ക്കുണ്ടായിരുന്നു. അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഹുസ്ന്, ഖുബ്ഹ് (അല്ലാഹു നല്ലതുമാത്രമേ ചെയ്യൂ എന്നും, മോശമായതൊന്നും അല്ലാഹുവില്‍ നിന്ന് ഉണ്ടാകുകയില്ല) എന്നുമുള്ള വാദം. അതുകൊണ്ടുതന്നെ ഒരാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് അയാളുടെ സല്‍കര്‍മങ്ങള്‍ കാരണമാണെന്നും അല്ലാഹുവിന്‍റെ ഫള്ല് (ഔദാര്യം) കൊണ്ടെല്ലെന്നും ഇമാം അശ്അരിയുടെ ഉസ്താദ് അബു അലിയ്യുല്‍ ജുബായി ഒരിക്കല്‍ ക്ലാസില്‍ പറയുകയുണ്ടായി. അത്രയും കാലം മുഅ്തസിലി ആശയത്തിന്‍റെ പ്രചാരകനായി കഴിഞ്ഞിരുന്ന ഇമാം അശ്അരിയെ ആ പ്രയോഗം സംശയാകുലനാക്കി. അദ്ദേഹത്തിന്‍റെ സംശയം ഇങ്ങനെയായിരുന്നു. ഒരുപാട് നന്മ ചെയ്ത് ഒരാള്‍ മരിച്ചാല്‍ അല്ലാഹു എന്തുചെയ്യും. അയാളെ സ്വര്‍ഗത്തില്‍ കടത്തും. ജുബാഈ മറുപടി പറഞ്ഞു. തിന്മ ചെയ്ത ഒരാളാണെങ്കിലോ എന്ന് ഇമാം അശ്അരി വീണ്ടും ചോദിച്ചു. അയാള്‍ നരകത്തിലായിരിക്കുമെന്ന് ഉസ്താദ് മറുപടി പറയുകയും ചെയ്തു. ഒരു കുട്ടിയാണെങ്കിലോ എന്ന് ഇമാം വീണ്ടും ചോദിച്ചു. അവന്‍ സ്വര്‍ഗത്തിനും നരകത്തിനുമിടയിലായിരിക്കുമെന്ന് ഉസ്താദും പറഞ്ഞു. അന്നേരം കുട്ടി അല്ലാഹുവിനോട് എനിക്ക് നീ കൂടുതല്‍ ആയുസ്സ് തന്നിരുന്നെങ്കില്‍ സ്വര്‍ഗക്കാരനെപ്പോലെ ഞാനും നന്മ ചെയ്യുമായിരുന്നു എന്ന് പറഞ്ഞാല്‍ അല്ലാഹു എന്ത് മറുപടി നല്‍കുമെന്ന് അശ്അരി ഇമാം ചോദിച്ചു. നീ വലുതായാല്‍ തിന്മകള്‍ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ നിനക്ക് ഏറ്റവും നല്ലത് കുട്ടിയായിരിക്കെ മരിക്കലായിരുന്നുവെന്ന് അല്ലാഹു പറയുമെന്ന് ജുബാഇയും പറഞ്ഞു. അങ്ങനെയെങ്കില്‍ നരകക്കാരന്‍ ഞാന്‍ വലുതാകുമ്പോള്‍ തെറ്റ് ചെയ്യുമെന്നറിഞ്ഞിട്ടും നീ എന്തിനാണ് എന്നെ വലുതാക്കിയത് എന്ന് പറഞ്ഞാല്‍ അല്ലാഹു എന്തുപറയുമെന്ന് ഇമാം അശ്അരി വീണ്ടും ചോദിച്ചു. ആ ചോദ്യത്തിനു മുന്നില്‍ ജുബാഇക്ക് ഉത്തരം മുട്ടി. അങ്ങനെ ഇമാം അശ്അരി ഉസ്താദില്‍ നിന്ന് പിരിഞ്ഞു.
തബിയീനു കദിബില്‍ മുഫ്തരീ ഫീമാ നുസിബ ഇലല്‍ ഇമാം അബില്‍ ഹസന്‍ അല്‍ അശ്അരി എന്ന ഗ്രന്ഥത്തില്‍ ഹാഫിള് ഇബ്നു അസാകീര്‍ ഇപ്രകാരം പറയുന്നുണ്ട്. ഒരു റമളാന്‍ മാസത്തിലെ ആദ്യപത്തിലെ ഒരു രാത്രിയില്‍ അശ്അരി (റ) നബി (സ്വ) യെ സ്വപ്നം കണ്ടു. താന്‍ വെച്ചുപുലര്‍ത്തുന്ന പാത ഉപേക്ഷിച്ച് നബി (സ്വ) യില്‍ നിന്ന് പിന്തുടര്‍ന്ന് പോന്ന വിശ്വാസത്തെ മുറുകെ പിടിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ സ്വപ്ന ദര്‍ശനം മറ്റു രണ്ടു പത്തുകളിലും ആവര്‍ത്തിക്കപ്പെട്ടു. മൂന്നാമത്തെ പത്തിലെ ദര്‍ശനത്തില്‍ പ്രസ്തുത വഴി പിന്തുടര്‍ന്നാല്‍ ആല്ലാഹുവില്‍ നിന്നുള്ള സഹായം ലഭിക്കുമെന്ന് നബി (സ്വ) അശ്അരി (റ) വിന് ഉറപ്പുനല്‍കുകയും ചെയ്തു.
അവസാനം താന്‍ ഇതുവരെ പിന്തുടര്‍ന്ന മുഅ്തസിലീ വഴി പിഴച്ചതാണെന്ന് ഇമാം അശ്അരിക്ക് ബോധ്യപ്പെട്ടു. അതേതുടര്‍ന്ന്, ഒരു വെള്ളിയാഴ്ച ബസ്വറയിലെ പള്ളിയില്‍ നിസ്കാര ശേഷം അദ്ദേഹം ഒരു പ്രസംഗം നടത്തി. അതില്‍ താന്‍ ഇത്രയും കാലം പിന്തുടര്‍ന്ന മുഅ്തസില സരണി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. തന്‍റെ വസ്ത്രം ഊരിയെറിയുകയും ഇതുപോലെ ആ പിഴച്ച വിശ്വാസവും ഞാന്‍ ഊയറിയുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രസംഗം നടത്തുമ്പോള്‍ അദ്ദേഹത്തിന് 40 വയസ്സായിരുന്നു പ്രായം. ഈ സംഭവത്തെ നട്ടുച്ചക്കുദിച്ച വിപ്ലവം എന്നാണ് ഇബ്നു ഇമാദ് വിലയിരുത്തിയത്. എ.ഡി 915 (ഹിജ്റ 302) ലായിരുന്നു ഈ സംഭവം നടന്നത്.
പിന്നീടങ്ങോട്ട് ഇമാം അശ്അരി ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുന്നതിലും ഇസ്ലാമിന്‍റെ സല്‍പാന്ഥാവ് കാണിച്ചുകൊടുക്കുന്നതിലും മുഴുകി. തന്‍റെ കാലത്തെ പ്രക്ഷുബ്ധമാക്കിയ പ്രശ്നങ്ങളെ കൃത്യമായി പഠിക്കുകയും കാലം തേടുന്ന പരിഹാരം നല്‍കുകയും ചെയ്തു. അതോടൊപ്പം പിന്‍ഗാമികള്‍ക്ക് പിന്തുടരാവുന്ന ശ്രദ്ധേയമായ ഒരു സരണി ഒരുക്കുകയും ചെയ്തു. അതാണ് അശ്അരി മദ്ഹബ് എന്ന പേരില്‍ അറിയപ്പെടുന്നത്.
ഇമാം അശ്അരി വിശ്വാസ സംബന്ധിയായി മൂന്നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അല്‍ ഉസൂലു വല്‍ മുഖ്തസറുന്നവാദിറു ഫീദലാഇലില്‍ കലാം, അല്‍ ഇജ്തിഹാദ്, അസ്സ്വിഫാത്ത്, അല്‍ ഉസൂലുദ്ദിയാന, അല്‍ മഖാലതുല്‍ ഇസ്ലാമിയ്യ, ആദാബുല്‍ ബുര്‍ഹാന്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ഇറാഖ്, കൂഫ, ബസ്വറ, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ വ്യാപിച്ചിരുന്ന മുഅ്തസിലി വിശ്വാസത്തിന്‍റെ യുക്തിഭദ്രത ഇല്ലായ്മയും പ്രമാണബന്ധമില്ലായ്മയും കാര്യകാരണ സഹിതം അദ്ദേഹം സമര്‍ത്ഥിച്ചു. തല്‍ഫലമായി വികല വിശ്വാസങ്ങളെല്ലാം തകരുകയും അഹ്ലുസുന്നയുടെ വിശ്വാസങ്ങള്‍ വ്യാപിക്കുകയും ചെയ്തു. പില്‍കാലത്ത് അബൂബക്കര്‍ ബാഖില്ലാനി, അബൂഇസ്ഹാഖ് ഇസ്ഫറാനി, ഇമാമുല്‍ ഹറമൈനി, മുഹമ്മദ് കരീം ശഹറസ്താനി തുടങ്ങിയ പ്രാമാണിക പണ്ഡിതര്‍ ആ ആശയങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്തു.
പിന്‍തലമുറകള്‍ക്കായി പിതാമഹന്‍ കണക്കാക്കിവെച്ച കൃഷിയിടത്തില്‍ നിന്നുള്ള ചെറുവരുമാനമാണ് ഇമാം അശ്അരിക്കുണ്ടായിരുന്നത്. തികച്ചും ലളിത ജീവിതമാണ് അദ്ദേഹം നയിച്ചത്. ഉറക്കും വിശ്രമവും കുറച്ച് ഇബാദത്തിലും ഇല്‍മിലും ആനന്ദം കണ്ടെത്തി. അതിനാല്‍ മഹാനവര്‍കളുടെ വാര്‍ഷിക ചെലവ് കേവലം 17 ദീനാര്‍ മാത്രമായിരുന്നു.
അവസാനം ചരിത്ര നിയോഗം ഭംഗിയായി നിര്‍വഹിച്ച അദ്ദേഹം തന്‍റെ 65 -ാം വയസ്സില്‍ എ.ഡി 936 ല്‍ (ഹിജ്റ 324) അന്തരിച്ചു. ബാബുല്‍ ബസ്വറക്കും ഖര്‍ഖിനുമിടയിലുള്ള മശ്റഉസ്സഹായില എന്ന സ്ഥലത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
Post a Comment