അസ്മ അഫ്സറുദ്ധീന്‍ (ഇന്ത്യന്‍ യൂണിവേഴ്സിറ്റി)




ജിഹാദ് എന്ന പദം അക്രമത്തെ മാത്രമാണ് സൂചിപ്പിക്കുന്നത് എന്നാണ് പൊതുവെ പാശ്ചാത്യലോകത്ത് അനുമാനിക്കപ്പെടുന്നത്. അതില്‍ ആശ്ചര്യപ്പെടേണ്ടതേയില്ല. കാരണം, തീവ്രവാദ മുസ്ലിംഗ്രൂപ്പുകള്‍ ഇസ്ലാമിന്‍റെ പേരിലുള്ള അക്രമത്തെ വിശദീകരിക്കാന്‍ തന്നെയും ഈ പദം ഉപയോഗിക്കുന്നുണ്ട്. കൂടാതെ, പാശ്ചാത്യ മാധ്യമങ്ങളും നയം രൂപീകരിക്കുന്നവരും അഭിപ്രായം പറയുന്ന നേതാക്കളും കര്‍ത്തവ്യ ബോധത്തോടെത്തന്നെ ഇത്തരം അക്രമാസക്തരായ തീവ്രവാദികളെ ജിഹാദികള്‍ എന്നാണ് വിളിക്കാറുള്ളത്. ഓറിയന്‍റലിസ്റ്റ് പണ്ഡിതരും മുസ്ലിം തീവ്രവാദികളും അവകാശപ്പെടുന്നത് ലോകം മുഴുവന്‍ ഇസ്ലാം കീഴടക്കുന്നതുവരെ അമുസ്ലിംകളോട് യുദ്ധം ചെയ്യാന്‍ ഖുര്‍ആന്‍ മുസ്ലിംകളോട് ആഹ്വാനം ചെയ്യുന്നുണ്ട് എന്നാണ്. ഇതിനെയാണ് ഇവര്‍ ജിഹാദ് എന്ന് വിളിക്കുന്നത്. ഓറിയന്‍റലിസ്റ്റ് പണ്ഡിതന്‍ എമിലി ടിയാന്‍ തന്‍റെ ഒരു ലേഖനത്തില്‍ ഊന്നിപ്പറയുന്നത് അവിശ്വാസികള്‍ സ്വയം പോരാട്ടം ആരംഭിച്ചിട്ടില്ലെങ്കിലും ജിഹാദ് മുസ്ലിംകള്‍ക്ക് നിര്‍ബന്ധമാണ് എന്നാണ്. അതുപോലെ, ഇരുപതാം നൂറ്റാണ്ടിലെ റാഡിക്കല്‍ ഇസ്ലാമിസ്റ്റ് സൈദ്ധാന്തികനായ സയ്യിദ് ഖുത്വുബ് ഇസ്ലാമിന്‍റെ ലക്ഷ്യമായി പറയുന്നത് മാനവസമൂഹത്തെ മുഴുവനും ഏകദൈവാരാധനയിലേക്ക് എത്തിക്കലാണ് എന്നാണ്. അതിനാല്‍ സയ്യിദ് ഖുത്വുബ് വിഭാവനം ചെയ്ത ഈ ആധിപത്യത്തെ ആരെങ്കിലും ചെറുത്താല്‍ അയാളുടെ മരണം വരെയോ അറസ്റ്റവരെയോ തീര്‍ച്ചയായും നിഷ്കരുണം അയാള്‍ക്കെതിരെ മുസ്ലിംകള്‍ പോരാടേണ്ടതുണ്ട്.   


ഈ പദത്തിന്‍റെ വ്യാപകമായ ദുരുപയോഗം ജിഹാദിനെ പറ്റിയുള്ള ഇസ്ലാമിന്‍റെ കാതലായ ആശയത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നുണ്ട്. ജിഹാദ് എന്ന അറബിപദം കൊണ്ടര്‍ത്ഥമാക്കുന്നത് സമരം, പ്രയത്നം അല്ലെങ്കില്‍ പരിശ്രമം എന്നൊക്കെയാണ്. കൂടാതെ പലപ്പോഴും അറബിയില്‍ കാണാറുള്ള അല്‍- ജിഹാദു ഫീ സബീലില്ലാഹ് എന്ന വാക്യത്തിനര്‍ത്ഥം ദൈവിക വഴിയില്‍ പോരാടുകയോ പരിശ്രമിക്കുകയോ ചെയ്യുക എന്നതുമാണ്. ചില പാശ്ചാത്യ പണ്ഡിതരും വിദഗ്ദ്ധരും അവകാശപ്പെടുന്നത് ആന്തരികവും അക്രമരഹിതവുമായ ജിഹാദ് എന്ന ആശയം ഖുര്‍ആനികാടിസ്ഥാനമില്ലാത്ത സമീപകാലത്തായി മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന വ്യാഖ്യാനമാണെന്നാണ്. ഈ വീക്ഷണത്തിന്‍റെ പ്രമുഖ വ്യക്താവായ റൈസ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡേവിഡ് കൂക്ക് അങ്ങേയറ്റം ഊന്നിപ്പറയുന്നത് പാശ്ചാത്യ മുസ്ലിംകളും അമുസ്ലികളുമായ വാക്താക്കളും മാത്രമാണ്, ഇസ്ലാമിനെ ഏറ്റവും സാധ്യമായ രീതിയില്‍ അക്രമരഹിതമായി അവതരിപ്പിക്കാന്‍ ആന്തരികവും ആത്മീയവുമായ ജിഹാദ് എന്ന ആശയം ശക്തമായി പ്രതിപാദിക്കുന്നത് എന്നാണ്.


ഇസ്ലാമിന്‍റെ വേദഗ്രന്ഥമായ ഖുര്‍ആനിലേക്ക് മടങ്ങിക്കൊണ്ടും ജിഹാദ് എന്ന ആശയത്തോട് യോജിക്കുന്ന ദൈവികവാക്യങ്ങള്‍ പരിശോധിച്ചുകൊണ്ടും ഈ വാദങ്ങളെ തെറ്റാണെന്ന് തെളിയിക്കാനാകും. ഈ വാക്യങ്ങളുടെ വ്യാഖ്യാനങ്ങള്‍ അറിയിക്കുന്നത് നിയമസംബന്ധിയായ സാഹിത്യം ജിഹാദിനെ പോരാട്ടവുമായി ബന്ധിപ്പിക്കുമ്പോള്‍ യുദ്ധത്തിന് ഖിതാല്‍ എന്ന ഒരു പ്രത്യേക പദം ഉപയോഗിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത് എന്നാണ്. ഖുര്‍ആനില്‍, യുദ്ധം എന്നാല്‍ സമാധാന ലംഘനത്തോടുള്ള വ്യവസ്ഥയോടെയുള്ള പ്രതികരണവും ദൈവ വഴിയില്‍ നടത്തപ്പെടുന്ന മാനുഷിക ശ്രമങ്ങളുടെ ഒരു വശവും മാത്രമാണ്. മുസ്ലിംകളെ അവരുടെ ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന വാക്യങ്ങള്‍ തീര്‍ച്ചയായും വ്യഖ്യാനിക്കപ്പെടേണ്ടത് ശ്രദ്ധാപൂര്‍വവും സന്ദര്‍ഭോചിതവും ആയിരിക്കണം. രാഷ്ട്രീയ പ്രശ്നം പരിഹരിക്കാന്‍ സമാധാന ചര്‍ച്ചയെക്കാള്‍ സൈനിക നടപടി ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യാഖ്യാതാക്കളും മുസ്ലിം തീവ്രവാദികളും എന്തുതന്നെ വാദിച്ചാലും ഖുര്‍ആനിക വാക്യങ്ങള്‍ മുസ്ലിംകള്‍ക്ക് അമുസ്ലിംകളെ തോന്നുംപോലെ അക്രമിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നില്ല. കൂടാതെ, ജീവിതത്തിന്‍റെ നിഖില മേഖലകളിലും ദൈവിക കല്‍പനകള്‍ നിറവേറ്റാനുള്ള വ്യക്തിഗതമായ പരിശ്രമത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആനിലുടനീളം ജിഹാദിന്‍റെ അഹിംസാത്മക വശങ്ങള്‍ സ്വബ് ര്‍ അല്ലെങ്കില്‍ ക്ഷമയോടെയുള്ള സംയമനം എന്ന സാങ്കേതിക പദത്തില്‍ ചുരുക്കി അവതരിപ്പിച്ചിട്ടുള്ളതായി കാണാവുന്നതുമാണ്.


ഇസ്ലാം സ്വീകരിച്ചതിന്‍റെ പേരില്‍ അവിശ്വാസികളായ അറബികളില്‍ നിന്നും കഠിന പീഢനം അനുഭവിക്കേണ്ടി വന്നപ്പോള്‍ പോലും ഖുര്‍ആന്‍ പറയുന്നതനുസരിച്ച് ആദ്യകാല മുസ്ലിംകള്‍ക്ക് മക്കാകാലഘട്ടത്തില്‍ ( സി ഇ 622 ന് മുമ്പ്) യുദ്ധം ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. അവരുടെ ജിഹാദ് ഈ കാലഘട്ടത്തില്‍ അഹിംസാത്മകമായിരുന്നു. മക്കയില്‍ അവതരിച്ച ഒരു വാക്യം പറയുന്നു: ' അതിനാല്‍ സത്യനിഷേധികളെ താങ്കള്‍ അനുസരിച്ച് പോകരുത്. ഇതുകൊണ്ട് നിങ്ങള്‍ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക (ഖുര്‍ആന്‍: 22:52). ഈ വചനത്തിലെ 'ഇത്' എന്നത് സൂചിപ്പിക്കുന്നത് ഖുര്‍ആനാണെന്ന് ഏകദേശം എല്ലാ മുന്‍കാല-ആധുനിക വ്യാഖ്യാതാക്കളും സമ്മതിക്കുന്ന കാര്യമാണ്. അതിനാല്‍, ഈ വചനത്തിലെ ജിഹാദ് ഖുര്‍ആനെ എതിര്‍ക്കുന്നവര്‍ക്കെതിരെയുള്ള തെളിവായി ഖുര്‍ആനിനെ തന്നെ ഉപയോഗിക്കുന്ന ആത്മീയവും ബൗദ്ധികവുമായ ഉദ്യമമാണ്.


അസ്മ അഫ്സറുദ്ധീന്‍


പ്രവാചകന്‍ (സ്വ) യും അനുയായികളും 622 ല്‍ മദീനയിലേക്ക് പലായനം ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സ്ഥിതിക്ക് മാറ്റം വന്നു. ഉല്‍കൃഷ്ടരായ വ്യഖ്യാതാക്കളുടെ അഭിപ്രായത്തില്‍, ഹിംസാത്മക പീഢനങ്ങള്‍ക്ക് മറുപടിയായി മുസ്ലിംകള്‍ക്ക് അവരുടെ മക്കക്കാരായ ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്ന ആദ്യ വചനങ്ങള്‍ അവതരിച്ചത് മദീന കാലഘട്ടത്തിലായിരുന്നു.     


അല്ലാഹു പറയുന്നു : 'യുദ്ധത്തിന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചെടുക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരെത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും യഹൂദ ദേവാലയങ്ങളും അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു'(22: 3940). 


ഇവിടെ, ദൈവത്തിന്‍റെ ഏകത്വം പ്രസ്താവിച്ച കാരണത്താല്‍ വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും അധിക്ഷേപത്തിനും പീഢനത്തിനും വിധേയരാവുകയും ചെയ്ത മുസ്ലിംകള്‍ക്ക് ആത്മരക്ഷാര്‍ത്ഥം പ്രതിരോധത്തിനായുള്ള അനുമതി നല്‍കുകയാണ്. കൂടാതെ ഈ വാക്യങ്ങള്‍ സൂചിപ്പിക്കുന്നത,് മുസ്ലിം പള്ളികള്‍ക്ക് പുറമെ സന്യാസിമഠങ്ങളും ചര്‍ച്ചുകളും ജൂതദേവാലയങ്ങളും തകര്‍പ്പെടുന്നത് തടയാന്‍ മുസ്ലിംകള്‍ക്ക് പ്രതിരോധിക്കാം എന്നുമാണ് (ഖുര്‍ആന്‍ :22:40). ദൈവം മുസ്ലിംകളുടെ പരിശ്രമങ്ങളിലൂടെ ഈ ആരാധനാലയങ്ങള്‍ പ്രതിരോധിക്കുമെന്ന് വ്യക്തമായി പറഞ്ഞ മുഖാതിലു ബ്നു സുലൈമാനിന്‍റെ (മരണം :150/767) ധാരണയും ഇതുതന്നെയിരുന്നു. ഇമാം സമഖ്ശരി (മരണം 538/1144) ഈ വചനത്തെ മനസ്സിലാക്കുന്നത് മുഹമ്മദ് നബിയുടെ കാലത്തെ അറബ് ബഹുദൈവാരാധകരെ പരാമര്‍ശിക്കുന്നതായിട്ടാണ്. തദടിസ്ഥാനത്തില്‍, മുസ്ലിംകള്‍ ഹിംസാത്മകമായ ജിഹാദിനെ ആശ്രയിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ (അറബ് ബഹുദൈവാരാധകര്‍) മുസ്ലിംകളെയും അവരുടെ സംരക്ഷണത്തില്‍ കഴിയുന്ന വേദക്കാരെയും പരാജയപ്പെടുത്തുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്യുമായിരുന്നു.  




ഖുര്‍ആനിലെ രണ്ടാം അധ്യായം അല്‍ ബഖറയിലെ 190-194 വചനങ്ങളില്‍ നിയമാനുസൃത സായുധപോരാട്ടം നടത്തുന്നതിനുള്ള പ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ യുദ്ധത്തിന്‍റെയും സമാധാനത്തിന്‍റെയും നൈതികതയെ കുറിച്ചുള്ള പ്രമാണയോഗ്യമായ നിയമശാസ്ത്രത്തിന്‍റെ അടിത്തറയുമാണ്. മദീനയില്‍ അവതരിച്ച മറ്റൊരു വചനം അസന്ദിഗ്ദ്ധമായി പറയുന്നത് അക്രമത്തോടുള്ള പ്രതികരണം എന്ന നിലയില്‍ മാത്രമേ മുസ്ലിംകള്‍ക്ക് യുദ്ധം ചെയ്യാന്‍ പാടുള്ളു എന്നാണ്. അല്ലാഹു പറയുന്നു: 'നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്'(2:190). ഈ വാക്യങ്ങള്‍ സൂചിപ്പിക്കുന്നത് ഹിജ്റ എട്ടാം വര്‍ഷം (628 സി ഇ) നടന്ന ഹുദൈബിയ സംഭവങ്ങളെയാണെന്ന് വ്യാഖ്യാതാക്കള്‍ സമ്മതിക്കുന്നുണ്ട്. ഇസ്ലാമിന് മുമ്പേയുള്ള വിശുദ്ധ മാസങ്ങളില്‍ യുദ്ധം ചെയ്യാന്‍ മുസ്ലിംകള്‍ വിലക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ കഅ്ബയുടെ പരിസരത്ത് ബഹുദൈവ വിശ്വാസികളായ അറബികള്‍ അക്രമണം നടത്തിയാല്‍ ആത്മരക്ഷക്കായി പ്രതിരോധിക്കാന്‍ അവര്‍ക്ക് (മുസ്ലികള്‍ക്ക്) അനുവദി ലഭിച്ചു. ആദ്യകാല വ്യാഖ്യാതാക്കള്‍, ആക്രമണം നടത്തുന്നതിനെതിരെയുള്ള ഈ വാക്യത്തിലെ (ഖുര്‍ആന്‍ 2:190) വിലക്കിനെ മനസ്സിലാക്കിയിരുന്നത് ഏത് സാഹചര്യത്തിലും വിദ്വേഷത്തിന് തുടക്കമിടുന്നതിനെതിരായ വ്യക്തവും പൊതുവായതുമായ നിരോധനം എന്നായിരുന്നു. ആദ്യകാല വ്യാഖ്യാതാവായ മുജാഹിദ് ബ്ന്‍ ജബര്‍ ഊന്നിപ്പറയുന്നത് ഈ വചനം അപരാധികള്‍/അടിച്ചമര്‍ത്തുന്നവര്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കെതിരെയും ഏതു സ്ഥലത്ത് വെച്ചും - അത് പവിത്രമായതോ അശുദ്ധമായതോ ആകട്ടെ- അക്രമം ആരംഭിക്കുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുന്നു എന്നാണ്. ഈ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ സമഖ്ശരി ഇമാമും റാസി ഇമാമും സമര്‍ത്ഥിക്കുന്നത് മുസ്ലിംകള്‍ ഒരിക്കലും അക്രമത്തിന് തുടക്കമിടില്ല എന്നുമാണ്.


എതിരാളികളോടുള്ള സായുധ പ്രതികരണത്തെ നിയമാനുസൃതമാക്കുന്ന അധിക സന്ദര്‍ഭങ്ങള്‍ മറ്റു പ്രധാന വചനങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. 'ഇനി അവര്‍ കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്‍റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നുല്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യതവണ (യുദ്ധം) തുടങ്ങിയത്'(9:12-13). 


ഭൂരിഭാഗം വ്യാഖ്യാതാക്കളും ഊന്നിപ്പറയുന്നത് ബഹുദൈവാരാധകരില്‍ നിന്നുണ്ടായ ഉടമ്പടികളുടെ ലംഘനവും പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യോടുള്ള അവരുടെ വിദ്വേഷപരമായ ഉദ്ദേശ്യവും മുസ്ലിംകളോടുള്ള അവരുടെ പ്രാരംഭാക്രമണവും മുസ്ലിംകള്‍ക്ക് സ്വയം പ്രതിരോധം അനിവാര്യമാക്കി എന്നാണ്. ആ പ്രതിരോധം തന്നെ അനുവദനീയമാകുന്നത് അക്രമത്തോടുള്ള പ്രതികരണമായി മാത്രമാണെന്ന് മറ്റു വചനങ്ങള്‍ വ്യക്തമായി സമര്‍ത്ഥിക്കുന്നുമുണ്ട്. ഇനി പറയുന്ന രണ്ട് വചനങ്ങള്‍, കലഹിക്കാത്തവരുമായി അവരുടെ മതവിശ്വാസം പരിഗണിക്കാതെത്തന്നെ ദയയും നീതിയുക്തവുമായ പരസ്പരവ്യവഹാരം മുസ്ലിംകള്‍ക്ക് അനുവദിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനാകും: 'മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നډ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍തന്നെയാകുന്നു അക്രമകാരികള്‍'(60:89). ഇമാം ത്വബരി (റ) തന്‍റെ വ്യാഖ്യാനത്തില്‍ ഈ വചനങ്ങള്‍ അസാധുവാണെന്ന് പറഞ്ഞവരുടെ നിര്‍ദേശങ്ങളെ നിരാകരിക്കുന്നുണ്ട്. കൂടാതെ, വ്യക്തമായും ഈ വചനങ്ങള്‍ മുസ്ലിംകള്‍ക്ക് അവരോട് മോശമായി പെരുമാറാത്തവരോട് അവരുടെ വിശ്വാസം പരിഗണിക്കാതെത്തന്നെ ദയകാണിക്കാനുള്ള അനുവാദം നല്‍കുന്നുവെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യുന്നുണ്ട്. കാരണം, ദൈവം പറയുന്നത് ആളുകള്‍ക്ക് അവരുടെ അര്‍ഹമായ അവകാശങ്ങള്‍ നല്‍കുന്ന, വ്യക്തിപരമായി നീതിമാനായ, നډയെ നډകൊണ്ട് പ്രതികരിക്കുന്ന നിഷ്പക്ഷരെ അവന്‍ ഇഷ്ടപ്പെടുന്നു എന്നാണ്. ഇമാം ത്വബരിയുടെ കാഴ്ചപ്പാടുകള്‍ പിന്നീടുവന്ന എല്ലാ വ്യാഖ്യാതാക്കളും പ്രായോഗികമായി പ്രമാണിരീകരിച്ചിട്ടുമുണ്ട്. 


മറ്റൊരു പ്രധാന വചനം മുസ്ലിംകളോട് ആവശ്യപ്പെടുന്നത് തങ്ങളുടെ ശത്രുക്കള്‍ സമാധാനപരമായ സന്ധിസംഭാഷണത്തിനുള്ള ഔപചാരിക നിര്‍ദേശം മുന്നോട്ടുവെച്ചാലുടന്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ്. 'ഇനി അവര്‍ സമാധാനത്തിലേക്ക് ചായ് വ് കാണിക്കുകയാണെങ്കില്‍ നിങ്ങളും അതിലേക്ക് ചായ് വ് കാണിക്കുകയും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍'(8:61). പ്രീമോഡേണ്‍ കാലഘട്ടത്തിലെ ഭൂരിഭാഗം വ്യഖ്യാതാക്കളും അപ്രകാരം സ്വാധീനമുള്ള ആധുനിക പണ്ഡിതരും ഈ വചനം അസാധുവാക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയും ശത്രുപക്ഷത്തുള്ള ബഹുദൈവാരാധകരെ അക്രമിക്കാന്‍ അനുമതി നല്‍കുന്ന പിന്നീട് വന്ന വചനങ്ങള്‍കൊണ്ട് ഈ വചനം അസാധുവാക്കപ്പെട്ടിട്ടുണ്ടെന്ന ചില മുന്‍കാല വ്യാഖ്യാതാക്കളുടെ കാഴ്ചപ്പാടിനെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട്.


ജിഹാദെന്നാല്‍ ആന്തരിക പോരാട്ടമാണെന്ന ആശയം സമീപകാലത്ത് രൂപപ്പെട്ട ഖുര്‍ആനികമല്ലാത്ത വികാസമാണെന്ന് വാദിക്കുന്നവര്‍, ക്ഷമയോടെയുള്ള സംയമനം എന്ന വിശേഷണം പരിപോഷിപ്പിക്കല്‍ ഖുര്‍ആനിലെ ജിഹാദിന്‍റെ ശാശ്വതമായ ഗുണമാണെന്ന് തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയാണ്. പാശ്ചാത്യ പണ്ഡിതര്‍ യോജിപ്പില്ലാത്ത തരരത്തില്‍ സൈനിക സുരക്ഷയുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും പശ്ചാതലത്തില്‍ സ്റ്റേറ്റ് അധികാരം നല്‍കുന്ന കടമയായ ഹിംസാത്മക ജിഹാദുമായി ബന്ധപ്പെട്ട നിയമ സാഹിത്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ഈ നോട്ടപ്പിഴവ് അതികഠിനമായിരിക്കും. പ്രീമോഡേണ്‍ മുസ്ലിം വ്യാഖ്യാന സാഹിത്യം നാം വിചിന്തനം ചെയ്താലും കണ്ടെത്താന്‍ കഴിയുന്നത് ഖുര്‍ആനില്‍ ഊന്നിപ്പറഞ്ഞത് പോലെ ക്ഷമ എന്നത് മനുഷ്യ പരിശ്രമത്തിന്‍റെ സര്‍വ്വപ്രധാനമായ സ്വഭാവമായിട്ടാണ് ഈ സ്രോതസ്സുകളിലും പ്രശംസിക്കപ്പെട്ടിട്ടുളളത് എന്നാണ്.


മക്കയില്‍ അവതരിച്ച ഒരു വചനം പലപ്പോഴും പ്രചോദിപ്പിക്കുന്നത് ജീവിതത്തില്‍ വരുന്ന അവസ്ഥാന്തരങ്ങളെ അഭിമുഖീകരിക്കുന്നതില്‍ മാനുഷിക ശ്രമത്തിന്‍റെ ഇളകാത്ത വിശേഷണമായി ക്ഷമയുടെ പ്രാധാന്യത്തെ സ്ഥാപിക്കാനാണ്. അല്ലാഹു പറയുന്നു :'സത്യവിശ്വാസികളെ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും  പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'(3:200). ഇസ്ലാമിന്‍റെ ആദ്യ മൂന്ന് നൂറ്റാണ്ടിലെ ആദ്യകാല വ്യാഖ്യാതാക്കള്‍ ( ഉദാ: മുജാഹിദ് ബ്ന്‍ ജബര്‍, മുഖാതിലുബ്ന്‍ സുലൈമാന്‍) സ്വബ്ര്‍ എന്ന പദത്തിന്‍റേയും അതിന്‍റെ വ്യുല്‍പന്നങ്ങളുടെയും പ്രാധാന്യം ഐക്യകണ്ഡേന ഊന്നിപ്പറയുന്നത് പ്രാര്‍ത്ഥന പോലുള്ള മതപരമായ കടമ -പ്രത്യേകിച്ച് മറ്റുള്ളവരില്‍ നിന്ന് ദ്രോഹം നേരിടുമ്പോള്‍- നിര്‍വഹിക്കുന്നതിലെ ക്ഷമയോടെയുള്ള സംയമനത്തെ പരാമര്‍ശിച്ചുകൊണ്ടാണ്. പ്രശസ്ത വ്യാഖ്യാതാവായ ഇമാം റാസി (റ) തന്‍റെ തഫ്സീറില്‍ പറയുന്നത് ഈ വാക്യത്തിലെ ആദ്യ വ്യുല്‍പ്പന്നമായ ഇസ്വ്ബിറൂ എന്നത് വ്യക്തിയുമായി ബന്ധപ്പെട്ടതാകുമ്പോള്‍ രണ്ടാം വ്യുല്‍പ്പന്നം സ്വാബിറൂ എന്നത് പരസ്പരമുള്ള ഇടപെടലുകളെ കുറിച്ചാണെന്നാണ്. കൂടാതെ അദ്ദേഹം രേഖപ്പെടുത്തുന്നത് മുസ്വാബറ എന്ന പദം (ഖുര്‍ആനിലെ 3:200  ലെ സ്വാബിറൂ എന്ന കല്‍പനയോട് ബന്ധപ്പെട്ട)  നډ കല്‍പ്പിക്കലും തിډ തടയലുമെന്ന ഇസ്ലാമിലെ മൗലിക സദാചാര ആജ്ഞയോട് വിശാലമായി പ്രവര്‍ത്തിക്കുന്നു എന്നുമാണ്.




സ്വന്തത്തോടുള്ള പോരാട്ടത്തെ പരാമര്‍ശിക്കുന്ന നിരവധി പ്രവാചക വചനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ഷമയുടെ ഖുര്‍ആനിക നډ നട്ടുവളര്‍ത്താനുള്ള പോരാട്ടത്തെ ജിഹാദിന്‍റെ ഇനങ്ങളിലെ ജിഹാദുന്നഫ്സ് എന്നാണ് പറയുന്നത്. ഇമാം അല്‍ ബൈഹഖി റിപ്പോട്ട് ചെയ്യുന്ന ദുര്‍ബലമായ ഒരു ഹദീസില്‍ പറയുന്നത് ഒരാള്‍ തന്‍റെ ആഗ്രഹങ്ങളോട് പോരാടുന്നതിനെ ഏറ്റവും വലിയ ജിഹാദ് എന്ന് നബി (സ്വ) വിശദീകരിച്ചിട്ടുണ്ട് എന്നാണ്. യുദ്ധം എന്നര്‍ത്ഥം വരുന്ന ഖിതാല്‍ എന്ന ഖുര്‍ആനിലെ പദം പിന്നീട് ജിഹാദുന്നഫ്സില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ജിഹാദുസ്സൈഫ് എന്ന് വിളിക്കപ്പെടുന്നുണ്ട്. പണ്ഡിതډാരായ അശ്അരി ദൈവ ശാസ്ത്രജ്ഞന്‍ ഇമാം ഗസാലി (മരണം:505/1111) യും ഹമ്പലി നിയമജ്ഞനായ ഇബ്നു ഖയ്യിം അല്‍ ജൗസി (മരണം:751/1350) യും ക്ഷമയോടെയുള്ള സംയമനം പ്രാവര്‍ത്തികമാക്കുന്നതിനെയും പരിപോഷിപ്പിക്കുന്നതിനെയും ജിഹാദിന്‍റെ മികച്ച രൂപമായും നഫ്സ് അല്‍ അമ്മാറ (തെറ്റ് ചെയ്യാന്‍ കല്‍പ്പിക്കുന്ന മനസ്സ്) യുടെ പ്രേരണകളെ പ്രതിരോധിക്കാനത്യാവശ്യമായ ഗൂണമായും പുകഴ്ത്തി എഴുതുകയുണ്ടായി. അതിനാല്‍ ജിഹാദുന്നഫ്സ്, ജിഹാദുസ്സൈഫ് എന്നീ പദങ്ങ ള്‍ പുതുതായി രൂപപ്പെട്ടതാണെന്ന് പ്രസ്താവിക്കുന്നത് ശരിയാണെങ്കിലും അവ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലേക്ക് ചെന്നെത്തുന്നതും യദാക്രമം ഖുര്‍ആനിക പരാമര്‍ശമായ സ്വബര്‍, ഖിതാല്‍ എന്നിവയോട് യോജിക്കുന്നവയുമാണ്.


ജിഹാദിനെ കുറിച്ചുള്ള മിക്ക പാശ്ചാത്യ അക്കാദമിക ജനകീയ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത് ജിഹാദിന്‍റെ അക്രമ സ്വഭാവമുള്ള മാനങ്ങളെ കുറിച്ച് മാത്രമാണ്. അത് പിന്നീട് ഖുര്‍ആനിലേക്ക് തന്നെ പ്രൊജക്ട് ചെയ്യപ്പെടുകയാണ്. സമകാലിക മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ വികാരതീവ്രമായ വാചോടോപങ്ങള്‍ ഈ പദത്തെ കുറിച്ചുള്ള വ്യാപകമായ തെറ്റിദ്ധാരണകള്‍ പരത്തുകയുണ്ടായി. യദാര്‍ത്ഥത്തില്‍ ജിഹാദ് എന്നത് ഭൂമിയിലെ മനുഷ്യരുടെ വ്യത്യസ്ത പരിശ്രമങ്ങളെ വലയം ചെയ്യുന്ന ഒരു വിശാല പദമാണ്. ഖുര്‍ആനിക പദങ്ങളുടെ സൂക്ഷ്മ പരിശോധന, ജിഹാദുമായി ബന്ധപ്പെട്ട ഖുര്‍ആനിക വചനങ്ങളുടെ സാന്ദര്‍ഭിക വായന, വ്യാഖ്യാന സാഹിത്യത്തിന്‍റെ അവലോകനം തുടങ്ങിയവ തെളിയിക്കുന്നത് ഖിതാല്‍ (യുദ്ധം) എന്നത് ഖുര്‍ആനില്‍ വിവരിച്ചതുപോലെ പ്രത്യേക സാഹചര്യങ്ങളിലേക്ക് പരിമിതപ്പെടുത്തപ്പെട്ട ജിഹാദിന്‍റെ സോപാധികമായ സവിശേഷതയാണെന്നാണ്. ജിഹാദിന്‍റെ യുദ്ധ രഹിത മാനങ്ങള്‍ സ്വബര്‍ (ക്ഷമയോടെയുള്ള സഹിഷ്ണുത) എന്ന പദത്തില്‍ ചുരുക്കി അവതരിക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്‍റെ സകല മേഖലകളിലും ദൈവിക കല്‍പനകള്‍ നിറവേറ്റാനുള്ള ആന്തരികവും വ്യക്തിപരവുമായ പരിശ്രമമാണ് ജിഹാദിന്‍റെ നിരന്തരമായ സവിശേഷതയായ സ്വബര്‍.

Post a Comment

Previous Post Next Post