വിശ്വ പ്രസിദ്ധ പണ്ഡിതൻ ഹുജ്ജതുൽ ഇസ്ലാം അബൂഹാമിദുൽ ഗസാലി (റ) യുടെ പ്രസിദ്ധ ഗ്രന്ഥമായ ഇഹിയാഉലുമിദ്ദീനിൽ നിന്ന്

വിശപ്പിന്‍റെ പ്രയോജനങ്ങളും വയര്‍ നിറക്കുന്നതിന്‍റെ അപകടങ്ങളും
(ഭാഗം :1)


നബി (സ്വ) പറഞ്ഞു : വിശപ്പുകൊണ്ടും ദാഹം കൊണ്ടും നിങ്ങള്‍ ശരീരത്തോട് സമരം ചെയ്യുക. തീര്‍ച്ചയായും പ്രതിഫലമുള്ളത് അതിലാണ്.

വിശപ്പിന് ഇത്രയും ഉന്നതമായ പ്രതിഫലം എവിടെ നിന്നാണ് ? അതിന്‍റെ കാരണമെന്താണ് ? അതില്‍ ആമാശയത്തെ വേദനിപ്പിക്കലും ബുദ്ധിമുട്ട് നേരിടലും മാത്രമാണല്ലോ!? എന്നാൽ അങ്ങനെയാണ് കാര്യമെങ്കില്‍, ഒരാള്‍ സ്വശരീരത്തെ അടിക്കുക, സ്വമാംസം മുറിച്ചെടുക്കുക, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഭക്ഷിക്കുക തുടങ്ങി മനുഷ്യന്‍ വേദന അനുഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉന്നത പ്രതിഫലം ലഭിക്കേണ്ടി വരുമല്ലോ? എന്ന് നീ ചോദിച്ചേക്കാം.

താൻ കുടിച്ച മരുന്നിന്റെ കൈപ്പു രുചിയാണ് അതിന്റെ പ്രയോജന കാരണമെന്ന് ഒരാൾ പറയുന്നത് പോലെയാണ് നീ ധരിക്കുന്നത്. ഇങ്ങനെ വിചാരിച്ച് വെറുക്കപ്പെടുന്ന രുചികളുള്ള എല്ലാ വസ്തുക്കളും ഭക്ഷിക്കല്‍ ശരിയല്ല. മറിച്ച് പ്രയോജനം ലഭിക്കാന്‍ കാരണം മരുന്നിലുള്ള ചില പ്രത്യേകതകളാണ്. അല്ലാതെ അത് കൈപായതുകൊണ്ടല്ല. മരുന്നിലെ ഈ പ്രത്യേകതയെ മനസ്സിലാക്കിയിട്ടുള്ളത് ഡോക്ടര്‍മാര്‍ മാത്രമാണ്. ഇതുപോലെ വിശപ്പിന്‍റെ പ്രയോജന കാരണം മനസ്സിലാക്കിയിട്ടുള്ളത് നിപുണരായ പണ്ഡിതന്മാർ മാത്രമാണ്.

മരുന്ന് പ്രയോജനം ചെയ്യാനുള്ള കാരണമറിയാതെ  തന്നെ അത് കുടിച്ചവന് പ്രയോജനം ലഭിക്കുമല്ലോ?! അത് പോലെ പ്രയോജന കാരണം അറിയാതെ  വിശപ്പിനെ കുറിച്ച് ദൈവികനിയമത്തില്‍ വന്ന വാഴ്ത്തലുകള്‍ വിശ്വസിച്ച് ഒരാള്‍ ശരീരത്തെ പട്ടിണിക്കിട്ടാലും പ്രയോജനം ലഭിക്കും. ഈ വിശ്വാസത്തിന്‍റെ നിലവാരത്തുനിന്ന് അറിവിന്‍റെ നിലവാരത്തേക്ക് ഉയരാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നമുക്ക് വിശദീകരിക്കാം. അല്ലാഹു പറഞ്ഞു: 'നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്'.

വിശപ്പിന് പത്ത് പ്രയോജനങ്ങളുണ്ട്.

1) ഹൃദയ ശുദ്ധീകരണം, ബുദ്ധിയെ പ്രകാശിപ്പിക്കുക, ഉൾക്കാഴ്ചയെ വർധിപ്പിക്കുക

വയര്‍ നിറക്കല്‍ മൂഢത്വത്തിന് ഇടയാക്കുന്നു. ഹൃദയത്തെ കുരുടനാക്കുന്നു. ചിന്തയുടെ ഉറവിടത്തെ പോലും കൈവശപ്പെടുത്തുന്ന തരത്തില്‍ ലഹരി പദാര്‍ത്ഥം പോലെ തലച്ചോറില്‍ ധാരാളം പുക വര്‍ധിപ്പിക്കുന്നു. ഈ കാരണത്താല്‍ കാര്യങ്ങളെ വേഗത്തില്‍ മനസ്സിലാക്കുന്നതിനും ചിന്താ സഞ്ചാരത്തിനും ഹൃദയം പ്രയാസങ്ങൾ നേരിടുന്നു. എന്നല്ല, ഒരു ചെറിയ കുട്ടി ഭക്ഷണം അധികരിപ്പിച്ചാല്‍ മനപാഠമാക്കിയത് വിഫലമാവുകയും ബുദ്ധി ദുഷിക്കുകയും ചെയ്യും. അങ്ങനെ കാര്യങ്ങള്‍ സാവകാശം മാത്രം മനസ്സിലാകുന്നവനും പതിയെ ഗ്രഹിക്കുന്നവനുമായിത്തീരുമവന്‍.

അബൂ സുലൈമാനുദ്ദാറാനി പറഞ്ഞു : നീ തീർച്ചയായും വിശപ്പ് സഹിക്കുക. നിശ്ചയം അത് ശരീരത്തെ അനുസരണമുളളതാക്കുകയും ഹൃദയം അലിവുള്ളതാക്കുകയും ദൈവിക വിജ്ഞാനം ലഭിക്കാന്‍ ഇടയാക്കുകയും ചെയ്യും.

നബി (സ്വ) പറഞ്ഞു : നിങ്ങള്‍ കുറച്ച് വയര്‍ നിറച്ചുകൊണ്ടും കുറച്ച് ചിരിച്ചുകൊണ്ടും ഹൃദയത്തെ ജീവിപ്പിക്കുകയും, വിശപ്പുകൊണ്ട് അതിനെ ശുദ്ധീകരിക്കുകയും ചെയ്യുക. അപ്പോള്‍ ഹൃദയം തെളിഞ്ഞതാവുകയും അലിവുള്ളതാവുകയും ചെയ്യും.

ഇപ്രകാരം പറയപ്പെടുന്നു : വിശപ്പിന്‍റെ ഉപമ ഇടിപോലെയും, ഉള്ളതുകൊണ്ട് തൃപ്തിപ്പെടല്‍ മേഘം പോലെയും, ഹിക്മത്ത് മഴ പോലെയുമാണ്.

നബി (സ്വ) പറഞ്ഞു : ആരെങ്കെലും ഉദരത്തെ പട്ടിണിക്കിട്ടാല്‍ അവന്‍റെ ചിന്ത ഉന്നതമാകുകയും, ബുദ്ധി ഗ്രഹിക്കുന്നതാകുകയും ചെയ്തു.

ഇബ്നു അബ്ബാസ് (റ) പറയുന്നു; നബി (സ്വ) പറഞ്ഞു: ആരെങ്കിലും വയര്‍ നിറക്കുകയും ഉറങ്ങുകയും ചെയ്താല്‍ അവന്‍റെ ഹൃദയം കാഠിന്യമുള്ളതായി. എന്നിട്ട് നബി (സ്വ) പറഞ്ഞു : എല്ലാ വസ്തുവിനും സകാത്തുണ്ട് (നിർബന്ധ ധാന ധർമ്മ വിഹിതം). ശരീരത്തിന്‍റെ സകാത്ത് വിശപ്പാണ്.

ശിബിലി (റ) പറഞ്ഞു : ഞാൻ വിശപ്പ് സഹിച്ചപ്പോഴെല്ലാം മുമ്പൊന്നും കാണാത്ത, അല്ലാഹുവിൽ നിന്നുള്ള ഹിക്മത്തിന്റെയും ഇബ്റത്തിന്റെയും (പാഠങ്ങൾ ) കവാടങ്ങൾ എനിക്ക് മുമ്പിൽ തുറക്കപ്പെടുകയുണ്ടായി.

ആരാധനകളുടെ പരമമായ ലക്ഷ്യം അല്ലാഹുവിന്‍റെ ഹഖാഇഖു (യാദാര്‍ത്ഥ്യങ്ങള്‍)കളെ അറിയുന്നതിലേക്കും വ്യക്തമാകുന്നതിലേക്കും എത്തിക്കുന്ന ചിന്തയാണെന്ന കാര്യം അവ്യക്തമല്ല. വയറുനിറക്കല്‍ അതിനെ തടയുകയും വിശപ്പ് അതിന്‍റെ കവാടം തുറക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ യാഥാർത്ഥ്യങ്ങള്‍ അറിയല്‍ സ്വര്‍ഗ കവാടങ്ങളില്‍ പെട്ടതാണ്. അപ്പോള്‍ നല്ലത് വിശപ്പ് അനിവാര്യമാക്കി ആ സ്വര്‍ഗീയ കവാടം മുട്ടലാണ്.
അതുകൊണ്ട് ലുഖ്മാന്‍ (റ) തന്‍റെ മകനോട് പറഞ്ഞു :  കുഞ്ഞുമോനേ, ആമാശയം നിറഞ്ഞാല്‍ ചിന്ത ഉറങ്ങുകയും ഹിക്മത്ത് മൂഖമാവുകയും അവയവങ്ങള്‍ ആരാധനകളില്‍ നിന്ന് പിന്മാറുകയും ചെയ്യും.

അബു യസീദില്‍ ബിസ്ത്വാമി (റ) പറഞ്ഞു:  വിശപ്പ് മേഘമാണ്. അടിമ വിശന്നാല്‍ ഹിക്മത്തിന്‍റെ മഴ അയാളുടെ ഹൃദയത്തില്‍ വര്‍ഷിക്കപ്പെടും.

നബി (സ്വ) പറഞ്ഞു ; ഹിക്മത്തിന്‍റെ പ്രകാശം വിശപ്പാണ്. അല്ലാഹുവില്‍ നിന്ന് അകലുക വയര്‍ നിറക്കുന്നതിലൂടെയാണ്. അല്ലാഹുവോടടുക്കല്‍ ദരിദ്രരെ ഇഷ്ടപ്പെടലും അവരോട് അടുക്കലും കൊണ്ടാണ്. നിങ്ങള്‍ വയര്‍ നിറക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഹിക്മത്തിന്‍റെ പ്രകാശം അണയും. ആരെങ്കിലും ലഘുഭക്ഷണം കഴിച്ച് രാപാര്‍ത്താല്‍ പ്രഭാതം വരെ ഹൂറികള്‍ അവന് ചുറ്റും രാപാര്‍ക്കും.

(തുടരും)

Post a Comment

Previous Post Next Post