പ്രവാചകാധ്യാപനങ്ങളനുസരിച്ച് മുസ്ലിം സമൂഹത്തിന്‍റെ അടിസ്ഥാന രോഗങ്ങളും അവയുടെ അനന്തര ഫലങ്ങളും അവക്കുള്ള പരിഹാരങ്ങളും ചർച്ച ചെയ്യുന്ന ശൈഖ് ഹബീബ് അൽ ജിഫ്രിയുടെ ലേഖനം:
ഹബീബുൽ ജിഫ്രി |
നാം ജീവിക്കുന്നത് സമരകാലത്താണ്. കാര്യങ്ങൾ വേഗത്തിൽ സംഭവിക്കുകയും ഒരു സംഭവം വേഗത്തിൽ മറ്റൊന്നിനെ പിന്തുടരുകയും ചെയ്യുന്ന കാലമാണിത്.
ഇത് ഒരു അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ആളുകളുടെ കണക്കാക്കലുകളെ ദുർബലപ്പെടുത്തുകയും അവരുടെ കാഴ്ചയെ മറയ്ക്കുകയും ചെയ്യുന്നുണ്ട് എന്നത് ഒരു യാദാർത്ഥ്യമാണ്.
യദാർത്ഥത്തിൽ, എല്ലാം ഒന്നവസാനിച്ച് കൂലങ്കശമായി ചിന്തിക്കാൻ പറ്റിയ ശാന്തമായ സമയം ആളുകൾക്ക് ആവശ്യമുണ്ട് ഇന്ന്.
അപ്പോൾ അവർ ഒരു നിമിഷം സത്യസന്ധത കൈവരിക്കാനും അല്ലാഹു അവന്‍റെ ചില ഉൾക്കാഴ്ചയോടെ അവരെ അനുഗ്രഹിക്കാനും സാധ്യതയുണ്ട്.
ഒച്ചപ്പാടിൽ നിന്നും തർക്കങ്ങളിൽ നിന്നും മാറിനിന്ന് ചിന്തിക്കുന്ന ഒരാൾക്ക് അറബ് ലോകത്തിന്‍റെ വിപത്തുകൾക്ക് കാരണം മൂന്ന് രോഗങ്ങൾ/സ്ഥിതിവിശേഷങ്ങളാണെന്ന് കണ്ടെത്താനാകും.
1) വിഭാഗീയത
ഈ രോഗത്തിന്‍റെ വേരുകൾ മുഹമ്മദ് നബി ﷺ രാഷ്ട്രങ്ങളുടെ രോഗം എന്നു
പറഞ്ഞതിൽ അടങ്ങിയിട്ടുണ്ട്. നബി (സ്വ) പറഞ്ഞു: “മുൻ ജനതകൾക്ക് ബാധിച്ചിരുന്ന രോഗം നിങ്ങൾക്കും ബാധിച്ചിരിക്കുന്നു: അസൂയയും വിദ്വേഷവും ആണവ. തീർച്ചയായും, വിദ്വേഷം ഒരു കത്തിയാണ്. അത് ഒരു വ്യക്തിയുടെ തലമുടിയെയല്ല, മറിച്ച് അയാളുടെ മതത്തെയാണ് ക്ഷൗരം ചെയ്യുക".
ഇതേ ഹദീസിന്‍റെ അവസാനത്തിൽ സൂചിപ്പിച്ചതുപോലെ സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്നതിലാണ് ഈ പ്രശ്നത്തിന്റെ പ്രതിവിധിയുള്ളത്.
"എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെ കൊണ്ട് ഞാൻ സത്യം ചെയ്യുന്നു. നിങ്ങൾ വിശ്വസിക്കുന്നതുവരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതുവരെ വിശ്വസിക്കുകയുമില്ല. ഇത് നേടാൻ നിങ്ങളെ പ്രാപ്തമാക്കുന്ന എന്തെങ്കിലും കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടയോ? നിങ്ങൾക്കിടയിൽ സലാം പറയൽ വ്യാപിപ്പിക്കുക എന്നതാണ് ആ കാര്യം. ” (അഹ്മദ്, തിർമിദി ).
2) വംശീയത
ഈ രോഗത്തിന്‍റെ വേരുകൾ നബി ﷺ “അജ്ഞതയുടെ യുഗത്തിന്‍റെ അലർച്ച” എന്ന് പരിചയപ്പെടുത്തിയതിൽ അടങ്ങിയിട്ടുണ്ട്: ചില മുഹാജിറുകളും അൻസാറുകളും തമ്മിൽ ഒരു തർക്കം ഉണ്ടായി. ഓരോ വിഭാഗവും അതത് ഗ്രൂപ്പിൽ നിന്നാണ് പിന്തുണ ആവശ്യപ്പെട്ടത്.
അൻസ്വാറുകളിൽ പെട്ട ഔസ്, ഗസ്റജ് ഗോത്രക്കാർക്കിടയിൽ മറ്റൊരു തർക്കം ഉണ്ടായി. അവരും അതത് ഗ്രൂപ്പിൽ നിന്നാണ് പിന്തുണ ആവശ്യപ്പെട്ടത്.
പ്രവാചകൻ (സ്വ) പറഞ്ഞു: “ഞാൻ നിങ്ങളുടെ ഇടയിൽ ആയിരിക്കുമ്പോൾ ഇത് അജ്ഞതയുടെ യുഗത്തിന്റെ അലർച്ചയാണോ? നിങ്ങൾ ഇതിനെ ഉപേക്ഷിക്കുക. കാരണം ഇത് അറപ്പുളവാക്കുന്നതാണ്! ” (ബുഖാരി)
അബുദർ (റ) പറഞ്ഞു: “ഒരിക്കൽ ഞാൻ ഒരു മനുഷ്യനെ അപമാനിച്ചു. അറബിയല്ലാത്ത അദ്ദേഹത്തിന്‍റെ മാതാവിനെ പരാമർശിച്ചാണ് ഞാൻ അപമാനിച്ചത്. അദ്ദേഹം അല്ലാഹുവിന്‍റെ റസൂലിനോട് പരാതിപ്പെട്ടു. അല്ലാഹുവിന്‍റെ റസൂൽ പറഞ്ഞു: "ഓ അബുദർ, അജ്ഞതയുടെ യുഗത്തിലെ ചില ഗുണങ്ങൾ ഇപ്പോഴും കൈവശമുള്ള ഒരാളാണ് നിങ്ങൾ! ” (ബുഖാരി, മുസ്ലിം).
അബുദർ അപമാനിച്ചയാൾ സ്വഹാബിയായ ബിലാൽ ബിൻ റബാഹയാണെന്ന് ഇമാം ഇബ്നു ഹജറും (റ) ഇമാം നവവിയും (റ) പരാമർശിച്ചിട്ടുണ്ട്. ഹമാമ എന്നായിരുന്നു ബിലാൽ (റ) മാതാവിന്‍റെ പേര്. നുബിയൻ വിഭാഗത്തിൽ പെട്ടവരായിരുന്നു മഹതി.
ഒരു വ്യക്തിയുടെ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡമായി ദൈവബോധത്തെ (തഖ്‌വ) യെ ആക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള പ്രതിവിധി. പ്രവാചകൻ ﷺ പറഞ്ഞു: “അറബിക്ക് തഖ്‌വയിലൂടെ മാത്രമേ അറബിയല്ലാത്തവരെക്കാൾ യോഗ്യതയുള്ളൂ.”
3) ലൗകിക കാര്യങ്ങൾക്കുള്ള കഠിന പരിശ്രമം (ഉദാ: സമ്പത്ത്, അധികാരം, മറ്റുള്ളവരുടെ മേലുള്ള ആധിപത്യം)
നബി (സ്വ) ദുർബലത എന്ന് വിളിച്ചതിലാണ് ഇതിന്റെ വേരുകൾ നിലകൊള്ളുന്നത്. പ്രവാചകൻ (സ്വ) പറഞ്ഞു: “തീർച്ചയായും അല്ലാഹു നിങ്ങളുടെ ഹൃദയത്തിൽ ബലഹീനത ഇടും. ആരോ ചോദിച്ചു: “എന്താണ് ബലഹീനത?” “ലൗകിക കാര്യങ്ങളോടുള്ള സ്നേഹവും മരണത്തോടുള്ള വെറുപ്പും” നബി (സ്വ) മറുപടി പറഞ്ഞു.
നബി(സ്വ) വീണ്ടും പറഞ്ഞു: "ഈ ഭൗതിക ലോകം മധുരമുള്ളതും രസപൂർണവുമാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാൻ അല്ലാഹു നിങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. അതിനാൽ ഭൗതിക ലോകത്തെക്കുറിച്ച് ജാഗ്രത പാലിക്കുക"(മുസ്ലിം).
പ്രവാചകൻ ﷺ പറഞ്ഞു: “ഞാൻ പോയതിനുശേഷം നിങ്ങൾ ബഹുദൈവാരാധന നടത്തുമെന്ന് ഞാൻ ഭയപ്പെടുന്നില്ലെന്ന് അല്ലാഹുവിനെകൊണ്ട് ഞാൻ സത്യം ചെയ്യുന്നു. അതിനെക്കാൾ ഞാൻ ഭയപ്പെടുന്നത് നിങ്ങൾ ഭൗതിക ലോകത്തോട് മത്സരിക്കുന്നതിനെയാണ്" (ബുഖാരി).
പ്രവാചകൻ (സ്വ) വീണ്ടും അരുളി: നിങ്ങളുടെ മേൽ ദാരിദ്ര്യത്തെ ഞാൻ ഭയപ്പെടുന്നില്ലെന്ന് അല്ലാഹുവിനെ കൊണ്ടി സത്യം ചെയ്യുന്നു. അതിനെക്കാൾ ഞാൻ ഭയക്കുന്നത് ഭൗതിക ലോകം നിങ്ങളുടെ മുമ്പുള്ളവർക്ക് തുറക്കപ്പെട്ടതുപോലെ നിങ്ങൾക്കും തുറക്കപ്പെടുമെന്നും അവർ അതിന്മേൽ മത്സരിച്ചതുപോലെ നിങ്ങളും മത്സരിക്കുമെന്നും അത് അവരെ നശിപ്പിച്ചതുപോലെ നിങ്ങളെയും നശിപ്പിക്കുമെന്നാണ്" (ബുഖാരി, മുസ്ലിം).
ഈ മൂന്ന് രോഗങ്ങൾ എന്തിലേക്ക് നയിക്കുമെന്നും മുഹമ്മദ് നബി (സ്വ) മുന്നറിയിപ്പ് നൽകി:
1) ദുരിതങ്ങൾ
പ്രവാചകൻ ﷺ പറഞ്ഞു: “കഷ്ടതകൾ ഇരുണ്ട രാത്രിയുടെ ഭാഗമാകുന്നതിനുമുമ്പ് സൽപ്രവൃത്തികൾ ചെയ്യാൻ നിങ്ങൾ ധൃതി കാണിക്കുക. ഒരു മനുഷ്യൻ രാവിലെ വിശ്വാസിയായിരിക്കും. അവൻ വൈകുന്നേരത്തോടെ അവിശ്വാസിയാകും. അല്ലെങ്കിൽ അവൻ വൈകുന്നേരം വിശ്വാസിയായിരിക്കും, പ്രഭാതത്തോടെ അവിശ്വാസിയാകും. ചില ചെറിയ ലൗകിക നേട്ടങ്ങൾക്കായി അവൻ തന്‍റെ മതം വിൽക്കും. ” (മുസ്ലിം)
2) വ്യാപകമായ കൊലപാതകം
പ്രവാചകൻ ﷺ പറഞ്ഞു: “എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ ഉള്ളത് അവനെകൊണ്ട് ഞാൻ സത്യം ചെയ്യുന്നു, കൊലപാതകിക്ക് അറിയില്ല അവൻ എന്തിനാണ് കൊന്നതെന്ന്. കൊല്ലപ്പെട്ടയാൾക്ക് അറിയില്ല അവൻ എന്തിനാണ് കൊല്ലപ്പെട്ടതെന്ന്. ഇങ്ങനെയുള്ള ഒരു കാലം ആളുകൾ അനുഭവിക്കുന്നതിനുമുമ്പ് ലോകം അവസാനിക്കുകയില്ല”.
അപ്പോൾ ആരോ ചോദിച്ചു: “അതെങ്ങനെ?” പ്രവാചകൻ (സ്വ) പറഞ്ഞു: “ഇവിടെ കൊലപാതങ്ങൾ സംഭവിക്കും. കൊലയാളിയും കൊല്ലപ്പെട്ട വ്യക്തിയും നരകത്തിലായിരിക്കും.” (മുസ്ലിം)
പ്രവാചകൻ ﷺ പറഞ്ഞു: “അവസാന മണിക്കൂറിന് തൊട്ടുമുമ്പ് കൊലപാതകം നടക്കും. നിങ്ങൾ ബഹുദൈവ വിശ്വാസികളെ കൊല്ലുകയല്ല, മറിച്ച് നിങ്ങൾ പരസ്പരം കൊല്ലുകയാണ്, ഒരുത്തൻ അവന്റെ അയൽക്കാരനെയോ സഹോദരനെയോ അമ്മാവനെയോ കസിനെയോ കൊല്ലും. ” അപ്പോൾ സ്വഹാബികൾ ചോദിച്ചു: “ആ സമയത്ത് നമ്മുടെ ബുദ്ധിശക്തി നമ്മുടെ കൈവശമുണ്ടാകുമോ?” പ്രവാചകൻ (സ്വ) പറഞ്ഞു: “അക്കാലത്തെ ജനങ്ങളുടെ ബുദ്ധി നീക്കം ചെയ്യപ്പെടും. അവശേഷിക്കുന്നതെല്ലാം സമൂഹത്തിലെ നീചന്മാർ ആയിരിക്കും. അവരിൽ ഭൂരിഭാഗവും തങ്ങൾ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് പോരാടുന്നതെന്ന് വിശ്വസിക്കുമെങ്കിലും വാസ്തവത്തിൽ [പോരാടാൻ] അവർക്ക് ഒരു കാരണവുമില്ല".
3) മുസ്ലിംകൾക്കെതിരെ മറ്റുള്ളവരുടെ ഗൂഢാലോചന
പ്രവാചകൻ ﷺ പറഞ്ഞു: “ആളുകൾ തങ്ങളുടെ ഭക്ഷണ തളിക പങ്കിടാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതുപോലെ നിങ്ങളെ ആക്രമിക്കാൻ മറ്റ് രാജ്യങ്ങൾ ഉടൻ തന്നെ പരസ്പരം ക്ഷണിക്കും.” അപ്പോൾ ഒരാൾ ചോദിച്ചു:" നമ്മൾ അക്കാലത്ത് എണ്ണം കുറവായതു കൊണ്ടാണോ?" നബി (സ്വ) മറുപടി നൽകി:"അല്ല, നിങ്ങൾ എണ്ണത്തിൽ ഒരുപാടുണ്ടാകും. എന്നാൽ നിങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒഴുകുന്ന മാലിന്യ കണങ്ങളെപ്പോലെയാകും. അല്ലാഹു നിങ്ങളുടെ ശത്രുക്കളുടെ ഹൃദയത്തിൽ നിന്ന് നിങ്ങളോടുള്ള ഭയം എടുത്തുകളയുകയും നിങ്ങളുടെ ഹൃദയത്തിൽ ദുർബലത ഇടുകയും ചെയ്യും". ആ ബലഹീനത എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ നബി (സ്വ) പറഞ്ഞു: " ലൗകിക കാര്യങ്ങളോടുള്ള സ്നേഹവും മരണത്തോടുള്ള വെറുപ്പുമാണത്".
അപഗ്രഥനം
മേൽപറയപ്പെട്ട വിപത്തുകളുടെ വേരുകൾ കിടക്കുന്നത് വ്യക്തികളുടെ ആത്മാവിലുള്ള രോഗങ്ങളിലാണെന്ന് മുഹമ്മദ് നബി (സ്വ) നമ്മെ അറിയിച്ചിട്ടുണ്ട്. ഈ രോഗങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഈ വേരുകളിൽ നിന്ന് ഉത്ഭവിക്കുന്ന ശാഖകൾ പോലെയാണ്. ഈ രോഗങ്ങളിൽ നിന്ന് അല്ലാഹു ഈ സമുദായത്തെ സുഖപ്പെടുത്തട്ടെ.
ഖുർആനിൽ സൂറതു ശംസിലൂടെ അല്ലാഹു തന്നെ ഇത് സൂചിപ്പിട്ടുണ്ട്. ഒന്നാമതായി, നമ്മുടെ പ്രപഞ്ചത്തെ സ്വാധീനിക്കുന്ന കാര്യങ്ങളെ കൊണ്ട് അവൻ സത്യം ചെയ്യുന്നു: സൂര്യൻ, ചന്ദ്രൻ, പകൽ, രാത്രി, ആകാശം, ഭൂമി എന്നിവയാണവ. നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന വസ്തുക്കളിൽ ഒന്നാണ് ആത്മാവ് എന്ന് പറയുന്ന രൂപത്തിൽ ആത്മാവിനെ കൊണ്ടാണ് പിന്നീട് അല്ലാഹു സത്യം ചെയ്യുന്നത്.
ഈ ശപഥങ്ങളോടുള്ള പ്രതികരണത്തിൽ അല്ലാഹു ‘വിജയം’, ‘പരാജയം’ എന്നിവ സ്വന്തം ആത്മാവുമായി മനുഷ്യൻ എങ്ങനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: "തീർച്ചയായും അതിനെ (ആത്മാവിനെ) ശുദ്ധീകരിക്കുന്നവൻ വിജയിക്കുകയും അതിനെ ദുഷിപ്പിച്ചവൻ പരാജയപ്പെടുകയും ചെയ്തു".
ആത്മാവിന്‍റെ ശുദ്ധീകരണമാണ് ഈ ദുരന്തങ്ങൾക്ക് ഖുർആൻ നൽകുന്ന പ്രതിവിധിയും പരിഹാരവും . ഈ യാഥാർത്ഥ്യത്തെ നേരിടാനുള്ള ധൈര്യമാണ് ഇന്ന് നമുക്ക് വേണ്ടത്. ഇതിനായി തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നവരെ അതിന് നാം അനുവദിക്കാൻ പാടില്ല. ഈ സമുദായത്തിന്‍റെ വലിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ വളരെയധികം ശ്രദ്ധാലുവാണെന്ന വ്യാജേന അതിനെ നേരിടുന്നതിൽ നിന്ന് നാം ഓടിപ്പോകരുത്.
അല്ലാഹു നമ്മുടെ ആത്മാവിൽ തഖ്‌വ സ്ഥാപിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യട്ടെ. ആത്മാവിന്‍റെ രക്ഷാധികാരിയും മാസ്റ്ററും മഹിമയുടെയും ഔദാര്യത്തിന്റെയും ഉടമയുമായ അവനാണ് ആത്മാവിനെ ശുദ്ധീകരിക്കാൻ ഏറ്റവും മികച്ചവൻ.
Post a Comment