ആധുനിക യുഗത്തിലെ മുസ്ലിംകളറിയാന്‍

1040 -ാം ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ (2018 ഫെബ്രുവരി 5) പ്രസിദ്ധീകരിച്ച പ്രശസ്ത ആധുനിക ഇസ്ലാമിക ചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ താരീഖ് റമദാനുമായുള്ള അഭിമുഖം ഹ്യസ്വമായിരുന്നെങ്കിലും പലകാരണങ്ങള്‍കൊണ്ടും ശ്രദ്ധേയമായി തോന്നി.
പുതിയ സാഹചര്യത്തില്‍ യൂറോപ്പിലും ഇന്ത്യയിലും ജീവിക്കുന്ന മുസ്ലിംകള്‍ മനസ്സിലാക്കേണ്ട കാര്യങ്ങളിലേക്കും തീര്‍ക്കേണ്ട പ്രതിരോധമാര്‍ഗങ്ങളിലേക്കും കൃത്യമായി വെളിച്ചം വീശുന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട് അദ്ധേഹം. അതോടൊപ്പം, അറബ് രാജ്യങ്ങളെ പിടിച്ചുലച്ച ജാസ്മിന്‍ റെവല്യൂഷനെ കുറിച്ചും, ഫലസ്തീന്‍ വിഷയത്തിലുള്ള മുസ്ലിംരാജ്യങ്ങളുടെ പ്രതികരണത്തെ പറ്റിയും, ഇസ്ലാമിന്‍റെ ആധുനീകരണം എന്ന വളരെ പ്രസക്തമായ വിഷയത്തെ കുറിച്ചുമുള്ള അദ്ധേഹത്തിന്‍റെ വിലയിരുത്തലുകളും കൂടി ആയപ്പോള്‍ ഈ അഭിമുഖം എന്തുകൊണ്ടും ഹൃദ്യമായി തോന്നി.

താരീഖ് റമദാന്‍
യൂറോപ്പിലെ മുസ്ലിംകളുടെ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ധേഹം നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. ഞാന്‍ എവിടെയും പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ആദ്യമായും അവസാനമായും ഒരു യൂറോപ്യന്‍ മുസ്ലിമാണ്. ഞാന്‍ ഈ സമൂഹത്തിന്‍റെ ഭാഗമാണ്. ഇവിടെ ഉണ്ടായിരുന്ന പൂര്‍വ സംസ്കാരങ്ങളേയും മതങ്ങളെയും ഞാന്‍ അങ്ങേയറ്റത്തെ ആദരവോടെയാണ് കാണുന്നത് എന്നായിരുന്നു. അതിനാല്‍ പരസ്പരം ഒരുമിച്ചുപോകാനുള്ള പരിഹാരമായി അദ്ധേഹം കണ്ടത് രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതോടൊപ്പം സമൂഹത്തില്‍ അജ്ഞതയുടെയും തെറ്റിദ്ധാരണയുടെയും മറ ഇല്ലാതാക്കുക എന്നതാണ്. സമാനമായ നിര്‍ദേശം തന്നെയാണ് പുതിയ സാഹചര്യത്തില്‍ ജീവിക്കുന്ന ഇന്ത്യന്‍ മുസ്ലിംകളോടും അദ്ധേഹത്തിന് പറയാനുള്ളത്.


ഇന്ത്യന്‍ മുസ്ലിംകള്‍ മൂന്ന് കാര്യങ്ങളിലൂന്നി പ്രവര്‍ത്തിക്കണമെന്നാണ് അദ്ധേഹം നിര്‍ദേശിക്കുന്നത്. ഒന്നാമതായി, തങ്ങള്‍ക്കിടയിലെത്തന്നെയുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കുക എന്നതാണ്. ബഹുസ്വരതയുടെയും വൈവിധ്യങ്ങളുടെയും വിശാലമായ സാധ്യതകള്‍ പോസിറ്റീവായി ഉപയോഗപ്പെടുത്താനാണ് ഇന്ത്യന്‍ മുസ്ലിംകള്‍ ശ്രദ്ധിക്കേണ്ടത് എന്നാണ് അദ്ധേഹം നല്‍കുന്ന രണ്ടാമത്തെ നിര്‍ദേശം. മൂന്നാമതായി, ഇന്ത്യന്‍ മുസ്ലിംകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വെറുപ്പിനെയും അസഹിഷ്ണുതയെയും ഉന്നതമായ ജീവിതമാതൃക കൊണ്ടും സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള കുലീനത്വം കൊണ്ടും മതങ്ങളെ കുറിച്ചുള്ള സ്നേഹസംവാദങ്ങള്‍ കൊണ്ടും നേരിടണമെന്നാണ്. അഥവാ പരിപൂര്‍ണ വിശ്വാസിയായി ജീവിക്കുകയെന്നര്‍ത്ഥം.

അറബ് രാജ്യങ്ങളെ ഇളക്കിമറിച്ച ജാസ്മിന്‍ റെവല്യൂഷനെ കുറിച്ചും കൃത്യമായ കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നുണ്ട് അദ്ധേഹം. രാഷ്ട്രീയവും മതപരവുമായ മാനങ്ങള്‍ക്കപ്പുറം അറബ് വസന്തത്തിനു പിന്നിലുണ്ടായിരുന്ന കാരണം സാമ്പത്തിക താല്‍പര്യമായിരുന്നു എന്നതായിരുന്നു അദ്ധേഹം തുടക്കം മുതലേ സ്വീകരിച്ച അഭിപ്രായമെന്നും പില്‍കാലത്ത് അതുതന്നെയാണ് ലോകത്ത് വെളിപ്പെട്ടതെന്നും റമദാന്‍ പറയുന്നുണ്ട്. ഇവിടെ ഏറ്റവും ശ്രദ്ധേയമായതായി തോന്നിയ കാര്യം ഇഖുവാനുല്‍ മുസ്ലിമീനെന്ന സംഘടയുടെ സ്ഥാപകനേതാവായിരുന്ന ഹസനുല്‍ ബന്നയുടെ സഹോദരി പുത്രനാണെന്നതിനു പുറമെ ആ സംഘടനയുടെ അനുഭാവിയായിട്ടുപോലും അറബ് വസന്തവുമായി ബന്ധപ്പെട്ട ഇഖുവാനുല്‍ മുസ്സിമിന്‍റെ ചില നിലപാടുകളെ വിമര്‍ശിക്കാന്‍ അദ്ധേഹം മുന്നോട്ടുവന്നു എന്നതാണ്. അറബ് വസന്തകാലത്ത് പ്രായോഗിക രാഷ്ട്രീയത്തെ കുറിച്ചുള്ള ആഴത്തിലുള്ള അനുഭവജ്ഞാനം പൊളിറ്റിക്കല്‍ ഇസ്ലാമിന്‍റെ വക്താക്കള്‍ക്കുണ്ടായിരുന്നില്ല എന്നായിരുന്നു അദ്ധേഹത്തിന്‍റെ ഇഖുവാനുല്‍ മുസ്ലിമീനെ കുറിച്ചുള്ള വിലയിരുത്തല്‍. അതിനാല്‍തന്നെയായിരുന്നു ഈജിപ്തിലും സിറിയയിലും ലിബിയയിലുമെല്ലാം അറബ് വസന്തം ശക്തമായി തിരിച്ചടിച്ചത് എന്നും റമദാന്‍ നിരീക്ഷിക്കുന്നുണ്ട്.


ഫലസ്തീന്‍ വിഷയത്തില്‍ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടുകളെയും വിമര്‍ശിക്കുന്നുണ്ട് അദ്ധേഹം. തുര്‍ക്കി പ്രസിഡന്‍റ് ഉറുദുഗാന്‍റെ നേതൃത്വത്തില്‍ വിളിച്ച ഒ.ഐ.സി ഉച്ചകോടിപോലും വിളിച്ച് ചേര്‍ത്തിട്ടും അവര്‍ക്ക് കഴിഞ്ഞത് കേവല വൈകാരിക പിന്തുണ നല്‍കാന്‍ മാത്രമായിരുന്നു. യദാര്‍ത്ഥത്തില്‍ ഫലസ്ഥീന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും രാഷ്ട്രീയ പിന്തുണയടക്കമാണെന്നിരിക്കെ ഈ വിഷയത്തില്‍ അറബ് സമൂഹത്തെ ഒന്നടങ്കം വിമര്‍ശിക്കാനും അദ്ധേഹം ധൈര്യം കാണിക്കുന്നുണ്ട്. അതിനാല്‍ ദീര്‍ഘാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഇതിനായി ആവിഷ്കരിക്കണമെന്നാണ് അദ്ധേഹത്തിന്‍റെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട്.

ഇസ്ലാമിന്‍റെ ആധുനീകരണത്തെ കുറിച്ചും അദ്ധേഹം തന്‍റെ നിലപാട് വ്യക്തമാക്കുന്നുണ്ട് ഈ അഭിമുഖത്തില്‍. പാരമ്പര്യ സോഴ്സുകളില്‍ നിന്നും റൂട്ടില്‍ നിന്നും വ്യതിചലിക്കാതെയുള്ള ഏതൊരു പരിഷ്കാരത്തെയും അദ്ധേഹം സപ്പോട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാനും മറ്റും മുസ്ലിം പണ്ഡിതര്‍ രംഗത്തുവരണമെന്നാണ് അദ്ധേഹത്തിന് പറയാനുള്ളത്.

Post a Comment

Previous Post Next Post