ഇന്ത്യയില്‍ നിലനില്‍കുന്ന പ്രശ്നങ്ങളിലൊന്നാണ് സ്ത്രീകള്‍ക്കിടയിലുള്ള നിരക്ഷരത. എല്ലാ പൗരന്മാര്‍ക്കും സൗജന്യമായ പ്രാഥമിക വിദ്യാഭ്യാസം നല്‍കുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല ഇന്ത്യന്‍ ഗ്രാമങ്ങളുടെയും സ്ഥിതി വളരെ ശോചനീയമാണ്. അതിനാല്‍ പല സംഘടനകളും പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുന്നത് പോലെ ഈ പ്രശ്നവും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നുണ്ട്. അവയുടെ കൂട്ടത്തില്‍ പെട്ട ഒരു സംഘടനയാണ് "ഗേള്‍സ് എജ്യുക്കേറ്റ്" എന്നത്. ആ സംഘടനയെ മുന്നോട്ട് നയിക്കുന്നവരില്‍ പ്രമുഖയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ സഫീനാ ഹുസൈന്‍ തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയാണ് ഇവിടെ.
ലോകത്ത് ഇന്ന് ഒരുപാട് പ്രശ്നങ്ങളുണ്ട്. അവയെല്ലാം വളരെ സങ്കീര്‍ണ്ണമായതും പ്രയാസം നിറഞ്ഞതും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതുമാണ്. എന്നാല്‍ ഈ പ്രശ്ന പരിഹാരങ്ങള്‍ക്കായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഇവിടെയുണ്ട്.
ലോകത്തിലെത്തന്നെ വളരെ പ്രയാസകരമായ ചില പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം സ്ത്രീ വിദ്യാഭ്യാസമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ഞാന്‍ മാത്രം പറയുന്ന കാര്യമല്ല. ഒരു രാജ്യത്തിന് നിക്ഷേപിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഇന്‍വെസ്റ്റ്മെന്‍റ് സ്ത്രീവിദ്യഭ്യാസമാണെന്നാണ് ലോകബാങ്കും അഭിപ്രായപ്പെടുന്നത്. സ്ത്രീവിദ്യാഭ്യാസത്തിന് 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒമ്പതെണ്ണത്തെ ക്രിയാത്മകമായി സ്വാധീനിച്ച് സഹായിക്കാനാകുകയും ചെയ്യും. ആരോഗ്യം, പോഷകാഹാരം, ജോലി ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ഇതില്‍ പെടും.
ആഗോള താപന ലഘൂകരണത്തിനായി കൈകൊള്ളേണ്ട 80 നടപടികളില്‍ ആറാമതായി കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പരിഗണിച്ചതും സ്ത്രീ വിദ്യാഭ്യാസത്തെയായിരുന്നു. സ്ത്രീകള്‍ വിദ്യാഭാസമുള്ളവരാകുമ്പോള്‍ അവരുടെത് അണു കുടുംബങ്ങളാകുകയും അതുവഴി കാര്‍ബണ്‍ പുറത്ത് വിടുന്നതിന്‍റെ അളവ് വലിയ രീതിയില്‍ കുറക്കാനാകുകയും ചെയ്യും എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. വിദ്യാസമ്പന്നയായ ഒരു മാതാവ് തീര്‍ച്ചയായും തന്‍റെ മകളെ പഠിപ്പിക്കാന്‍ വലിയ സാധ്യത കാണുന്നു എന്നതും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്‍റെ ആവശ്യകത വിളിച്ചോതുന്നു. ഇങ്ങനെ ചെയ്യുകവഴി നമുക്ക് ലിംഗ - സാക്ഷരതാ വിടവ് എന്നെന്നേക്കുമായി നികത്താനാകുകയും ചെയ്യും.
എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന പദ്ധതി നടപ്പാക്കുന്നതില്‍ അവിശ്വസനീയമായ പുരോഗതി നേടിയ ഇന്ത്യയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. എന്നാലും ഞങ്ങളുടെ കൂട്ടത്തില്‍പെട്ട നാല് മില്ല്യണ്‍ പെണ്‍കുട്ടികള്‍ സ്കൂളിന് പുറത്താണ്. ലോകത്തിലെത്തന്നെ ഏറ്റവും ഉയര്‍ന്ന അവസ്ഥയാണിത്. ഇതിന് പിന്നില്‍ ദാരിദ്ര്യവും സാമൂഹികവും സാംസ്കാരികവുമായ ഘടകങ്ങള്‍ക്ക് പുറമെ മാനസികാവസ്ഥയുടെ അടിസ്ഥാന കാര്യവും ഉണ്ട് എന്നതാണ് യാദാര്‍ത്ഥ്യം.
"നാരാസ് നാത്" എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടുമുട്ടിയിരുന്നു. നാരാസ് എന്ന പദത്തിനര്‍ത്ഥം ദേഷ്യം എന്നാണ്. എന്തുകൊണ്ട് നിന്‍റെ പേര് ദേഷ്യം എന്നായത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഒരു പെണ്‍കുട്ടി ജനിച്ചപ്പോള്‍ എല്ലാവരും ദേഷ്യത്തിലായിരുന്നു എന്നതായിരുന്നു. അത്കൊണ്ടാണ് എനിക്ക് അവര്‍ ഈ പേര് നല്‍കിയത്.
"അന്‍തിം ബാല" എന്ന പേരുള്ള മറ്റൊരു പെണ്‍കുട്ടിയെയും ഞാന്‍ കണ്ടിരുന്നു. അന്‍തിം ബാല എന്ന പദത്തിനര്‍ത്ഥം അവസാനത്തെ കുട്ടി എന്നാണ്. ജനിക്കുന്ന അവസാന പെണ്‍കുട്ടി ഞാനായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു എന്നാണ് ഈ പേരിന് പിന്നിലുള്ള കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ആ പെണ്‍കുട്ടി പറഞ്ഞത്.
വന്നെത്തിയ ആള്‍ എന്ന അര്‍ത്ഥമുള്ള "ആച്ചുകി" എന്ന പേരുള്ള ഒരു പെണ്‍കുട്ടിയെയും ഞാന്‍ കണ്ടിരുന്നു. കുട്ടി ഉണ്ടാകാന്‍ ഉദ്ധേശിക്കാത്ത സമയത്ത് ഉണ്ടായത് കൊണ്ടാണ് അങ്ങനെ പേര് നല്‍കപ്പെട്ടത് എന്നാണ് അവള്‍ പറഞ്ഞത്. ഇത്തരം മാനസികാവസ്ഥ ഉള്ളതുകൊണ്ടാണ് പെണ്‍കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തതോ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കത്തതോ ആയ സാഹചര്യങ്ങളുണ്ടാകുന്നത്. മാത്രമല്ല, പലരും വിശ്വസിക്കുന്നത് ആട് ഒരു സമ്പാദ്യവും പെണ്‍കുട്ടി ഒരു ബാധ്യതയുമാണെന്നുമാണ്.
"എജ്യുക്കേറ്റ് ഗേള്‍സ്" എന്ന ഞങ്ങളുടെ സംഘടന പ്രവര്‍ത്തിക്കുന്നത് ഇത്തരം സ്ഥിതിവിശേഷങ്ങള്‍ മാറ്റം വരുത്താനാണ്. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വളരെ പ്രയാസം നിറഞ്ഞ ചില ഉള്‍നാടന്‍ പ്രദേശങ്ങളിലും അപരിഷ്കൃതവും ഗോത്രവല്‍കൃതവുമായ ഗ്രാമങ്ങളിലുമാണ്. ഇതിനായി ഞങ്ങള്‍ ഏറ്റവും ആദ്യമായി ചെയ്യുന്നത് ഇതേ വില്ലേജുകളില്‍ നിന്ന് ആവേശവും വിദ്യാഭ്യാസവുമുള്ള കൗമാരക്കാരെ കണ്ടെത്തുക എന്നുള്ളതാണ്. സ്ത്രീകളും പുരുഷന്മാരും ഉള്‍കൊള്ളുന്ന ഈ ടീമിനെ ഞങ്ങള്‍ "ബാലിക" എന്നാണ് വിളിക്കുന്നത്. ബാലിക എന്നതിനര്‍ത്ഥം പെണ്‍കുട്ടി എന്നാണ്. ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കായി രൂപീകരിച്ച ടീമുമാണിത്.
ശേഷം ഞങ്ങള്‍ വളണ്ടിയര്‍മാരെ നിയമിക്കും. അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും ഉപദേശങ്ങളും സപ്പോട്ടും നല്‍കുകയും ചെയ്യും. തുടര്‍ന്നാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ആദ്യമായി ഞങ്ങള്‍ ചെയ്യുന്നത് സ്കുളില്‍ പോകാത്ത ഓരോ പെണ്‍കുട്ടിയെയും തിറിച്ചറിയുക എന്നതാണ്. എന്‍റെ കാഴ്ചപ്പാടിലെങ്കിലും ഈ പ്രവര്‍ത്തനം അല്‍പം വ്യത്യസ്ഥവും ഹൈടകുമാണ്. ഞങ്ങളുടെ ഓരോ മുന്‍നിര സ്റ്റാഫിനും സ്മാര്‍ട്ട് ഫോണുണ്ട്. എജ്യൂക്കേറ്റ് ഗേള്‍സ് എന്ന പേരില്‍ സ്വന്തമായി ഞങ്ങള്‍തന്നെ വികസിപ്പിച്ച ആപ്ലിക്കേഷനും ഉണ്ട്. സര്‍വ്വെ നടത്താന്‍ അവര്‍ എവിടെപ്പോകുന്നു എന്നറിയാന്‍ ഡിജിറ്റല്‍ മാപ്പും സര്‍വെ നടത്താനുള്ള ചോദ്യങ്ങളും നല്ല രൂപത്തില്‍ സര്‍വെ നടത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും ഉള്‍പ്പെടെ ഞങ്ങളുടെ ടീമിനാവശ്യമായ എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. അതിനാല്‍ കൃത്യസമയത്തും മികച്ച ക്വാളിറ്റിയിലുമാണ് ഞങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്.
ഈ ആപ്ലിക്കേഷനുമായി ഞങ്ങളുടെ വളണ്ടിയര്‍മാര്‍ ഓരോ വീട്ടിലും ചെല്ലുന്നു. എന്നിട്ട് എവിടെയെങ്കിലും ഏതെങ്കിലും പെണ്‍കുട്ടി തീരേ സ്കൂളില്‍ പോകാത്തതായോ പഠനം ഉപേക്ഷിച്ചാതായോ ഉണ്ടോ എന്ന് കണ്ടെത്തുന്നു. ഞങ്ങളുടെ ഓരോ ഗ്രാമങ്ങളും ഈ ആപ്ലിക്കേഷനുപയോഗിച്ച് ജിയോടാഗ് ചെയ്തതിനാല്‍ തന്നെ വളരെ പെട്ടെന്ന് ഈ വിവരവും, ഏതാണ് ഈ പെണ്‍കുട്ടിയെന്ന് മനസ്സിലാക്കാനും കഴിയുന്നു.
ഒരു പെണ്‍കുട്ടി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അവളെ സ്കൂളിലേക്ക് തിരിച്ചെത്തിക്കാനുള്ള പ്രക്രിയകള്‍ ഞങ്ങള്‍ ആരംഭിക്കുന്നു. ഇത് യദാര്‍ത്ഥത്തില്‍ ഞങ്ങളുടെ കമ്മ്യൂണിറ്റി സമാഹരണ പ്രക്രിയ മാത്രമാണ്. ഇത് ആരംഭിക്കുന്നത് ഗ്രാമതലത്തിലും അയല്‍പക്കക്കാര്‍ക്കിടയിലും മീറ്റിംഗുകള്‍ സംഘടിപ്പിച്ചാണ്. ഒപ്പം പെണ്‍കുട്ടികളെ സ്കൂളിലേക്ക് തിരിച്ചയക്കാന്‍ പ്രാപ്തമാക്കാന്‍ വേണ്ടി അവരുടെ രക്ഷിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വ്യക്തിപരമായ കൗണ്‍സിലിംഗ് നല്‍കുകയും ചെയ്യുന്നു. കുറച്ച് ആഴ്ചമുതല്‍ കുറച്ച് മാസങ്ങള്‍ വരെ ഇതിന് സമയമെടുക്കും.
ഒരിക്കല്‍ ഞങ്ങള്‍ ഇപ്രകാരം പെണ്‍കുട്ടികളെ സ്കൂള്‍ സിസ്റ്റത്തിലേക്ക് കൊണ്ടുവന്നാല്‍ ആ പെണ്‍കുട്ടികള്‍ക്ക് നില്‍ക്കാന്‍ പറ്റുന്ന രൂപത്തിലുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്കൂളുകളില്‍ ഉണ്ടെന്ന് ഉറപ്പിക്കാന്‍ ആ സ്കൂളുകളുമായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്ലറ്റ്, കുടിവെള്ളം, അവര്‍ക്ക് അവിടെ നിലനില്‍ക്കാന്‍ സഹായകമാകുന്ന മറ്റുകാര്യങ്ങള്‍ തുടങ്ങിയവ ഉണ്ടോയെന്ന് ഞങ്ങള്‍ ഉറപ്പിക്കും.
എന്നാല്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്നില്ലെങ്കില്‍ ഈ സൗകര്യങ്ങളെല്ലാം വെറുതെയാകും. അതിനാല്‍ യദാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഒരു പഠന പ്രോഗ്രാമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ഒരു അനുബന്ധ പഠന പ്രോഗ്രാമാണ്. ഇത് വളരെയധികം പ്രാധാന്യമുള്ളതുമാണ്. ഞങ്ങളുടെ ഭൂരിഭാഗം കുട്ടികളും ഒന്നാം തലമുറ പഠിതാക്കളാണ്. ഇതുകൊണ്ട് ഉദ്ധേശിക്കുന്നത് അവരെ ഹോംവര്‍ക്കില്‍ സഹായിക്കാനും അവരെ പഠനത്തില്‍ സപ്പോട്ട് ചെയ്യാനും ആരും അവരുടെ വീട്ടിലില്ല എന്നതാണ്. അവരുടെ മാതാപിതാക്കള്‍ക്ക് എഴുത്തും വായനയും അറിയില്ല. അതുകൊണ്ട് തന്നെ അവരെ ക്ലാസ്റൂമില്‍ നിന്ന് നന്നായി സപ്പോട്ട് ചെയ്യുക എന്നതാണ് ഇവിടെയുള്ള പ്രശ്നപരിഹാരം. അതുകൊണ്ട് പെണ്‍കുട്ടികളെ കണ്ടെത്താനും സ്കൂളിലെത്തിക്കാനും അവിടെ അവര്‍ നിന്നുപോകുന്നുവെന്നും പഠിക്കുന്നുവെന്നും ഉറപ്പിക്കാനും ഇതാണ് ഞങ്ങള്‍ സ്വീകരിക്കുന്ന രീതി.
ഏറ്റവും പുതിയ മൂല്യനിര്‍ണയം പോലും ഇതിന്‍റെ ആവശ്യകത സ്ഥിരീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ മൂല്യനിര്‍ണയക്കാരന്‍ കണ്ടെത്തിയിട്ടുള്ളത് കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ പെണ്‍കുട്ടികളെ വിദ്യാസമ്പന്നരാക്കുക വഴി 92% പെണ്‍കുട്ടികളെ സ്കൂളിലെത്തിക്കാന്‍ സാധിച്ചു എന്നതാണ്. പഠനത്തിന്‍റെ കാര്യത്തില്‍, കണ്‍ട്രോള്‍ സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ കുട്ടികളുടെ പഠനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് ഒരു ശരാശരി വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷ അധിക വിദ്യാഭ്യാസം പോലെയാണ്. സ്കൂള്‍ സിസ്റ്റത്തിലേക്ക് ആദ്യമായി പ്രവേശിക്കുന്ന ഒരു ഗോത്രവര്‍ഗക്കാരനായ വിദ്യാര്‍ത്ഥിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് വളരെ വലിയ കാര്യവുമാണ്.
ഞങ്ങളുടെ ഈ പ്രവര്‍ത്തനം അളക്കാവുന്നതാണ്. കാരണം, ഇതിനകം തന്നെ ഞങ്ങള്‍ 13000 ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വിവരങ്ങളും ടെക്നോളജിയും ഉപയോഗിക്കുന്നതിനാല്‍ ഈ പ്രവര്‍ത്തനം സ്മാര്‍ട്ടാണെന്നും ഞങ്ങള്‍ക്കറിയാം. ഭരണകൂടത്തോടും കമ്മ്യൂണിറ്റിയോടും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ പ്രവര്‍ത്തനം സ്ഥായിയും വ്യവസ്ഥാപിതവുമാണെന്നും ഞങ്ങള്‍ക്കറിയാം. അതിനാല്‍ കാര്യങ്ങളെല്ലാം സാധാരണ രൂപത്തിലാണ് പോകുന്നത്.
കമ്മ്യൂണിറ്റിയുമായും ഭരണകൂടവുമായും ഞങ്ങള്‍ക്ക് നൂതനമായ പങ്കാളിത്തവും സ്മാര്‍ട്ടായ രീതിയും ഉള്ളതിനാല്‍ ഞങ്ങളുടെ വലുതും സാഹസികവുമായ സ്വപ്നം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആകെയുള്ള സ്കൂള്‍ ഗേള്‍സുമായി ബന്ധപ്പെട്ട 40% പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ്. ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും വലിയ ഒരു രാജ്യമായ ഇന്ത്യയില്‍ ഞാനിതെങ്ങനെ പ്രവര്‍ത്തിപ്പിക്കും എന്നതിനെ കുറിച്ച്. ബില്യണിലധികം ആളുകളും 650000 വില്ലേജുകളും ഉള്ള രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഇവിടുത്തെ മൊത്തം പ്രശ്നത്തിന്‍റെ 40% പ്രശ്നങ്ങള്‍ ഒരു ചെറിയ സംഘടന പരിഹരിക്കുമെന്ന് പറയാന്‍ കാരണം ഞങ്ങള്‍ക്ക് കൃത്യമായ ദീര്‍ഘവീക്ഷണം ഉള്ളതുകൊണ്ടാണ്. അത് എന്താണെന്നു വെച്ചാല്‍, ഞങ്ങളുടെ സംവിധാനങ്ങള്‍ കൊണ്ട് ഞങ്ങള്‍ മനസ്സിലാക്കിയ കാര്യം ഇന്ത്യയിലെ 5% വില്ലേജുകളിലാണ് 40% വരുന്ന സ്കൂളുകളില്‍ പോകാത്ത പെണ്‍കുട്ടികള്‍ ഉള്ളത് എന്നതാണ്. ഇതാണ് ഏറ്റവും വലിയ പ്രശ്നം. ഇതര്‍ത്ഥമാക്കുന്നത്, ഇന്ത്യ മുഴുവന്‍ എനിക്ക് ജോലി ചെയ്യേണ്ടതില്ല എന്നും മറിച്ച് ഈ പ്രശ്നം യദാര്‍ത്ഥത്തില്‍ പരിഹരിക്കാന്‍ ചെയ്യേണ്ടത് ആ അഞ്ച് ശതമാനം ഗ്രാമങ്ങളിലാണ് എന്നതുമാണ്. അഥവാ, ഏകദേശം 35000 ഗ്രാമങ്ങളില്‍ മാത്രമാണ് എന്നര്‍ത്ഥം.
ഈ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികള്‍ സ്കൂളിന് പുറത്താണ് എന്ന പ്രശ്നം മാത്രമല്ലയുള്ളത്. പോഷകാഹാരക്കുറവ്, ദാരിദ്രം, ശിശുമരണ നിരക്ക്, ശൈശവ വിവാഹം പോലോത്ത ധാരാളം അനുബന്ധ പ്രശ്നങ്ങളുമുണ്ട്. അതിനാല്‍ ഇവിടെ വര്‍ക്കും ഫോക്കസും ചെയ്യുകവഴി വലിയ അളവില്‍ ബഹുഗുണമുള്ള ഫലം ഉണ്ടാക്കാന്‍ കഴിയും. ഇതിന്‍റെ ഫലമായി ഞങ്ങള്‍ക്ക് 1.6 മില്ല്യണ്‍ പെണ്‍കുട്ടികളെ സ്കൂളിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയുകയും ചെയ്യും.
പതിറ്റാണ്ടുകളായി ഞാനിതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരിക്കല്‍പോലും എനിക്ക് വീട്ടില്‍തന്നെ നില്‍ക്കണം, എനിക്ക് കന്നുകാലികളെ മേഞ്ഞു നടക്കണം, എന്‍റെ കൂടെപ്പിറപ്പുകളെ പരിപാലിക്കണം, എനിക്ക് ഒരു ബാലമണവാട്ടിയാകണം എന്നു പറയുന്ന ഒരു പെണ്‍കുട്ടിയെപ്പോലും കണ്ടുമുട്ടിയിട്ടില്ല. ഞാന്‍ കണ്ട എല്ലാ ഓരോ പെണ്‍കുട്ടിയും സ്കൂളില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ്. അതാണ് യദാര്‍ത്ഥത്തില്‍ ഞങ്ങള്‍ ചെയ്യാന്‍ ഉദ്ധേശിക്കുന്നത്. ആ 1.6 മില്ല്യണ്‍ സ്വപ്നങ്ങള്‍ യാദാര്‍ത്ഥ്യമാക്കാനാണ് ഞങ്ങള്‍ ഉദ്ധേശിക്കുന്നത്. ഇതിന് ഒരുപാട് ചെലവൊന്നുമില്ല. ഞങ്ങളുടെ രീതിപ്രകാരം ഒരു കുട്ടിയെ കണ്ടെത്താനും എന്‍ റോള്‍ ചെയ്യാനും ഏകദേശം 20 ഡോളറും അവള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലേണിംഗ് പ്രോഗ്രാം നല്‍കാനും മറ്റൊരു 40 ഡോളറുമാണ് ചെലവ്. നാം യദാര്‍ത്ഥത്തില്‍ ഇതെല്ലാം ചെയ്യേണ്ട സമയമാണിത്. കാരണം അവളാണ് നമുക്കുള്ള ഏറ്റവും വലിയ സമ്പാദ്യം.
Post a Comment