ഇസ്ലാം ചന്ദ്രക്കലയെ സ്വന്തം ചിഹ്നമായി എടുത്ത് പറഞ്ഞതായോ മഹത്വവും ശ്രേഷ്ടതയും നൽകിയതായോ കൽപ്പിച്ചതായോ എവിടെയും കാണാനാകില്ല.
അതേസമയം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവർ യേശു ക്രൂശിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നവരായതിനാൽ കുരിശിന് വിശുദ്ധി കൽപ്പിക്കുകയും ആരാധനാ മനോഭാവത്തോടെ കുരിശിനെ കാണുകയും സ്വന്തം മതചിഹ്നമായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായി അവരുടെ ആരാധനാലയങ്ങളിലും മറ്റും കുരിശ് ചിഹ്നം കാണാനാകും. പലരും മാലയിലും മറ്റും കുരിശ് ചിഹ്നമുണ്ടാക്കി ധരിക്കുന്ന പ്രവണതയും കാണാറുണ്ട്. ചുരുക്കത്തിൽ മതപരമായ പരിഗണനയും മഹത്വവും ക്രിസ്ത്യാനികൾ കുരിശിന് നൽകിയിട്ടുണ്ട് എന്നത് വാസ്ഥവമാണ്.
അതുപോലെ "ഓം" കാരം എന്നതും ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മതപരമായി ആദരിക്കപ്പെടുന്നതും മഹത്വവൽക്കരിക്കപ്പെടുന്നതുമാണ്. അവർ ഓം എന്നത് രാമമന്ത്രമായാണ് ഉപയോഗിക്കുന്നത്. ഓം എന്നത് (അ+ഉ+മ്) എന്നതാണ്. അഥവാ അ:വിഷ്ണു, ഉ:ശിവൻ, മ:ബ്രഹ്മാവ്. ഈ മൂന്ന് ശബ്ദങ്ങൾ കൂടി ചേരുമ്പോൾ 'ഓം' എന്നാകുന്നു. ഓം എന്നത് ബ്രഹ്മവിഷ്ണു ശിവന്മാർക്ക് ഒന്നിച്ചുള്ള പേരാകയാൽ ബ്രഹ്മത്തിന്‍റെ ചുരുക്ക വാചകം എന്ന നിലയിലാണ് അവർ ഇതിനെ ഉപയോഗിക്കുന്നത്.
എന്നാൽ ഇസ്ലാമും ചന്ദ്രക്കലയും തമ്മിൽ ഇതുപോലെ മതപരമായ ബന്ധം ഇല്ല എന്നതാണ് വസ്ഥുത. മുസ്ലിം രാഷ്ട്രീയ വ്യവസ്ഥിതിയിൽ വന്ന മാറ്റങ്ങളാണ് ചന്ദ്രക്കലക്ക് മതകീയ മാനം കൊടുത്തിട്ടുള്ളതെന്ന് ഇസ്ലാമിക ചരിത്രം വായിച്ചാൽ മനസ്സിലാകും. ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ വ്യാപനത്തോടെയാണ് ചന്ദ്രക്കല ഇസ്ലാമിന്‍റെ സാംസ്കാരിക ചിഹ്നമായി മാറിയത്. എ.ഡി 1453 ൽ കോൺസ്റ്റാന്‍റിനോപ്പിൾ കീഴടക്കിയതോടെ ഉസ്മാനിയ ഭരണകൂടത്തിന്‍റെ ചിഹ്നമായി ചന്ദ്രക്കല മാറുകയാണുണ്ടായത്. അതിന്‍റെ ഭാഗമായി പള്ളികളിലും അവരുടെ പതാകകളിലും മറ്റും ചന്ദ്രക്കലയുടെ ഉപയോഗം വളരെ വ്യാപകമായി. ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കി പുണ്ണ്യദിനങ്ങളും മാസങ്ങളും കണക്കാക്കപ്പെടുന്ന പ്രവണത ഇതിന് ശക്തിപകർന്നിട്ടുണ്ടാകും. മാത്രമല്ല, ഉസ്മാനിയ ഖിലാഫത്തിന് മുമ്പ് ബി.സി 339 ൽ ബൈസാന്‍റിയൻ സാമ്രാജ്യത്തിന്‍റെ ചിഹ്നമായും ചന്ദ്രക്കല ഉപയോഗിച്ചതായി പറയപ്പെടുന്നുണ്ട്. ഓട്ടോമൻ സാമ്രാജ്യ സ്ഥാപകനായ ഉസ്മാൻ ഒരു ചന്ദ്രോദയം സ്വപ്നം കാണുകയും അത് തന്‍റെ വിജയത്തിന്‍റെ ഉദയമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്ത ശേഷമാണ് അത് തുർക്കിയുടെ ചിഹ്നമായത്. ഒന്നാംലോക മഹായുദ്ധാനന്തരം മുസ്ഥഫ കമാൽ പാഷ തുർക്കി ഖിലാഫത്ത് പിരിച്ചുവിട്ടപ്പോൾ വ്യാപകമായ ഖിലാഫത്ത് സംരക്ഷണ പ്രക്ഷോഭങ്ങളിലെല്ലാം വളണ്ടിയർമാർ ധരിച്ച തൊപ്പിയിലെ അർദ്ധ ചന്ദ്ര നക്ഷത്രം സൂചിപ്പിക്കുന്നത് ഓട്ടോമൻ സാമ്രാജ്യത്തിന് ചന്ദ്രക്കലയുമായുണ്ടായിരുന്ന ബന്ധത്തെയാണ്. ചുരുക്കത്തിൽ മതപരമായ ഒരു ചിഹ്നമായി ചന്ദ്രക്കലയെ ഇസ്ലാം പരിചയപ്പെടുത്തിയിട്ടില്ല എന്നതാണ് യാദാർത്ഥ്യം.
Post a Comment