ദൈവം നീതിമാനാണോ എന്നൊരു ചോദ്യം പലരും ഉന്നയിക്കാറുണ്ട്. നമുക്കിടയിൽ ജീവിക്കുന്ന അംഗവൈകല്യമുള്ളവരെയും ബുദ്ധിമുട്ടനുഭവിക്കുന്നവരെയും മറ്റും ചൂണ്ടിക്കാട്ടിയാണ് ഇത്തരം ചോദ്യം ഉന്നയിക്കപ്പെടാറുള്ളത്. പ്രത്യക്ഷത്തിൽ ഈ ചോദ്യം ശരിയാണെന്ന് തോന്നാമെങ്കിലും അൽപം ആലോചിച്ചാൽ ഇത് അബദ്ധമാണെന്ന് വേഗം ബോധ്യമാകും.
പാവപ്പെട്ടവന് എന്തുകൊണ്ട് ഞാൻ ധനിക കുടുംബത്തിൽ ജനിച്ചില്ലെന്നും, തൊലി കറുത്തവന് എന്തുകൊണ്ട് എന്നെ തൊലി വെളുത്തവൻ ആക്കിയില്ലെന്നും, വികലാംഗന് എന്തുകൊണ്ട് എന്നെ പൂർണ്ണ ആരോഗ്യവാനായി ജനിപ്പിച്ചില്ലെന്നും തുടങ്ങി ഓരോരുത്തർക്കും അവരിലേക്ക് മാത്രം നോക്കി ഇത്തരം ചോദ്യങ്ങൾ ചോദിക്കാവുന്നതും അവയെല്ലാം ന്യായമാണെന്ന് പറയാവുന്നതുമാണ്.
എന്നാൽ മനുഷ്യർക്കിടയിലെ ഈ വൈവിധ്യങ്ങളെല്ലാം ഇല്ലാതാകലാണ് നീതിയെങ്കിൽ എല്ലാവരെയും എല്ലാ നിലക്കും ഒരുപോലെ ജനിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യേണ്ടിവരും. ഈ കാര്യം തീർത്തും അസാധ്യവും അപ്രായോഗികവുമാണ്. മാത്രമല്ല, വൈവിധ്യം നിലനിൽപ്പിന് അനിവാര്യമാണുതാനും. അതിനാൽ എല്ലായിടത്തും ഉള്ളതുപോലെ മനുഷ്യർക്കിടയിലും വൈവിധ്യമുണ്ടാകലാണ് നീതിപരം.
ജീവിതം മരണത്തോടെ അവസാനിക്കുന്നതാണെങ്കിൽ നീതിയെ സംബന്ധിച്ച ഈ ചോദ്യങ്ങളെല്ലാം പ്രസക്തമാണെന്ന് പറയാം. എന്നാൽ അല്ലാഹു ഈ ലോകത്തിനു ശേഷം മറ്റൊരു ലോകത്തെയും പരിചയപ്പെടുത്തുന്നുണ്ട്. ഐഹിക ജീവിതം കർമകാലമാണെന്നും വിചാരണയും വിധിയും കർമഫലവും മരണശേഷം മറുലോകത്താണെന്നുമാണ് അല്ലാഹു പറയുന്നത്. ഖുർആനിലെ നിരവധി വചനങ്ങൾ ഇത് വ്യക്തമാക്കിയതാണ്. അതിനാൽ കേവലം ഈ ലോകത്തെ മാത്രം നോക്കി അല്ലാഹു നീതിമാനല്ലെന്ന് വിലയിരുത്തുന്നത് യുക്തിസഹമല്ല. പരലോകത്തെകുറിച്ചും അല്ലാഹു പറഞ്ഞിട്ടുള്ളതിനാൽ അവിടെയുള്ള കാര്യങ്ങളും വിലയിരുത്തി മാത്രമേ അല്ലാഹുവിന്‍റെ നീതിയെ കുറിച്ച് പറയാനാകൂ.
ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത, ഓരോർത്തർക്കും ഭൂമിയിൽ നിർവ്വഹിക്കാനുള്ള ബാധ്യത അവരവർക്ക് നൽകപ്പെട്ട കഴിവുകൾക്കനുസരിച്ചാണ് നൽകപ്പെട്ടിട്ടുള്ളത് എന്നതാണ്. തദടിസ്ഥാനത്തിൽ പണക്കാരനും പാവപ്പെട്ടനും ഈ ഭൂമിയിൽ നിർവ്വഹിക്കാനുള്ള എല്ലാബാധ്യതയും ഒരുപോലെയല്ല. പണക്കാരന് പാവപ്പെട്ടവരെ സഹായിക്കൽ ബാധ്യതയായ കാര്യമാണ്. ഇപ്രകാരം തന്നെയാണ് അംഗവൈകല്യമുള്ളവരുടെ കാര്യവും. പാവപ്പെട്ടവൻ പണക്കാരന്‍റെ മുമ്പിലെ പരീക്ഷണമാണെന്നതുപോലെ അംഗവൈകല്ല്യമില്ലാത്തവന്‍റെ മുമ്പിലെ പരീക്ഷണമാണ് അംഗവൈകല്യമുള്ളവൻ. പാവപ്പെട്ടവനോട് പണക്കാരനും അംഗവൈകല്യമില്ലാത്തവൻ അംഗവൈകല്യമുള്ളവനോടും എങ്ങനെ പെരുമാറുന്നു എന്നതുംകൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും അവരുടെ മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകൾ.
ഇസ്ലാമിലെ ആരാധനകളിലും ഈ പരിഗണന കാണാവുന്നതാണ്. ഇസ്ലാമിലെ ഏറ്റവും പ്രധാന ആരാധനയായ നിസ്കാരത്തിൽ പോലും ഈ യാദാർത്ഥ്യമുണ്ട്. നിൽക്കാൻ കഴിവുള്ളവൻ മാത്രം ഫർള് നിസ്കാരങ്ങൾ നിന്ന് നിസ്കരിച്ചാൽ മതി എന്നാണ് കർമശാസ്ത്രം പറയുന്നത്. അല്ലാത്തവർക്ക് ഇരുന്നോ അതിനും കഴിയില്ലെങ്കിൽ കിടന്നോ നിസ്കരിച്ചാൽ മതി. ചുരുക്കത്തിൽ ഓരോർത്തർക്കും ചെയ്യാൻ കഴിയുന്ന തോതനുസരിച്ചേ അവരോടുള്ള കൽപനയുള്ളൂ എന്നതാണ് ഇസ്ലാമിന്‍റെ കാര്യം.
ഇസ്ലാം മുന്നോട്ട് വെക്കുന്ന മറ്റൊരു വീക്ഷണം അവരവരുടെ ബാധ്യതകളുടെ നിർവ്വഹണമാണ് അവരവരുടെ ജയപരാജയങ്ങളുടെ നിദാനം എന്നതാണ്. ഓരോർത്തർക്കും ലഭ്യമായ കഴിവുകൾ ഏതുവിധം വിനിയോഗിച്ചു എന്നതാണ് വിലയിരുത്തപ്പെടുന്നത്. അതനുസരിച്ച് ഓരോർത്തരിലും അർപ്പിതമായ ചുമതലകളുടെ പൂർത്തീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് മരണാനന്തരജീവിതത്തിലെ രക്ഷാശിക്ഷകൾ തീരുമാനിക്കപ്പെടുന്നത്. അതിനാൽ മരണശേഷം മറ്റൊരു ലോകമില്ലെങ്കിൽ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്‍റെ വൈവിധ്യങ്ങൾ അനീതിപരമാകുകയുള്ളൂ.
എന്നാൽ ദൈവത്തെയും പരലോകത്തെയും നിഷേധിക്കുന്ന ഭൗതികവാദികൾക്ക് നീതിയെ സംബന്ധിച്ച ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകുക സാധ്യമല്ല. അവരുടെ വിശ്വാസം പ്രകൃതിയാണ് എല്ലാത്തിനും കാരണം എന്നതാണ്. മാത്രവുമല്ല, ജീവിതം മരണത്തോടെ അവസാനിക്കുകയും ചെയ്യും. ഈയടിസ്ഥാനത്തിൽ പ്രകൃതി മനുഷ്യർക്കിടയിൽ നീതികാണിച്ചുവെന്ന് പറയാനാകുമോ? ജീവിതം മരണത്തോടെ അവസാനിക്കുമെങ്കിൽ വികലാംഗരോടും പാവപ്പെട്ടവരോടുമൊക്കെ എന്ത് നീതിയാണ് പ്രകൃതി ചെയ്തത്? ദൈവം അനീതിയാണ് ചെയ്തതെന്ന് പറയുന്നവരാണ് യദാർത്ഥത്തിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത്. വിശ്വാസികൾക്ക് ഇതിനും മറുപടിയുണ്ട്. ഭൗതികവാദികൾ ഉയർത്തുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടിയുള്ളതുപോലെ.
Post a Comment