തുഹ്ഫതുല്‍ മുജാഹിദീന്‍-  ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍


കേരള ചരിത്രത്തെ കുറിച്ച് ആദ്യമായി രചിക്കപ്പെട്ട ഗ്രന്ഥമാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. വിശ്വവിഖ്യാത പണ്ഡിതനായിരുന്ന ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമനാണ് ഈ ഗ്രന്ഥത്തിന്‍റെ രചയിതാവ്. ഹിജ്റ വര്‍ഷം 938 അഥവാ ക്രിസ്തുവര്‍ഷം 1532 ലായിരുന്നു മഖ്ദൂം രണ്ടാമന്‍റെ ജനനം. അന്ന് കേരളം പോര്‍ച്ചുഗീസ് അധിനിവേശത്തിന് കീഴിലായിരുന്നു. യമനീ പാരമ്പര്യമുള്ള ശൈഖ് മഖ്ദൂം മറ്റുപല പ്രശസ്ത ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശാഫിഈ ഫിഖ്ഹിലെ പ്രശസ്ത ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ബി ശറഹി ഖുറത്തില്‍ ഐന്‍ എന്നത് അവയില്‍ എടുത്തു പറയേണ്ടതാണ്.

മഖ്ദൂം രണ്ടാമനെ കേരളത്തിലെ തൂസിഡൈഡ്സ് (Thucydides) എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ബി.സി 471 നും 400 നുമിടയില്‍ ജീവിച്ചിരുന്നെന്ന് കരുതപ്പെടുന്ന നാവികനും ചരിത്രക്കാരനുമായിരുന്നു അദ്ദേഹം. തന്‍റെ നായകത്വത്തിലുണ്ടായിരുന്ന നാവികസേന ബി.സി 424 ല്‍ നടന്ന ആംഫീപോളീസ്  യുദ്ധത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആഥന്‍സുകാര്‍ അദ്ദേഹത്തെ നാടുകടത്തി. തുടര്‍ന്നദ്ധേഹം ജീവിതം ചരിത്ര പഠനത്തിന് സമര്‍പ്പിക്കുകയും പ്രസിദ്ധമായ ദ ഹിസ്റ്ററി ഓഫ് ദ പെലൊപോനേഷ്യന്‍ വാര്‍ (The History of the Peloponnesian War) എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. സ്പാര്‍ട്ടയുടെ നേതൃത്വത്തില്‍ പെലൊപോനേഷ്യന്‍ ലീഗും ഏഥന്‍സിന്‍റെ നേതൃത്വത്തില്‍ ഡെലിയന്‍ ലീഗും തമ്മില്‍ ബി.സി 431 നും 404 നുമിടയില്‍ നടന്ന ഈ യുദ്ധത്തിലെ സംഭവങ്ങള്‍ നേരിട്ടനുഭവിച്ചും അന്വേഷിച്ചറിഞ്ഞുമായിരുന്നു അദ്ധേഹം ഈ ഗ്രന്ഥം രചിച്ചത്. സംഭവങ്ങള്‍ നേരിട്ടനുഭവിച്ചും അന്വേഷിച്ചും രചന നടത്തി എന്ന സമാനത ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്‍റെ ചരിത്ര പഠനത്തിലും കാണുന്നു എന്നതിനാലാണ് കേരളത്തിലെ തൂസിഡൈഡിസായി അദ്ധേഹത്തെയും വിശേഷിപ്പിക്കുന്നത്.

തുഹ്ഫതുല്‍ മുജാഹിദീന്‍ ഫീ ബഅസി അഖ്ബാരി ബുര്‍തുഗാലിയ്യീന്‍ എന്നാണ് ഈ ഗ്രന്ഥത്തിന്‍റെ മുഴുവന്‍ പേര്. പോരാളികള്‍ക്ക് പോര്‍ത്തുഗീസുകാരുടെ വിവരങ്ങളടങ്ങിയ ഒരു പാരിതോഷികം എന്ന് മലയാളത്തിലേക്ക് അതിനെ വിവര്‍ത്തനം ചെയ്യാം. കേരള മുസ്ലിംകളുടെ ചരിത്രവും അവര്‍ 1498 മുതല്‍ 1583 വരെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെയും തീര്‍ത്ത പ്രതിരോധങ്ങളുടെയും ചിത്രവുമാണ് ഈ ഗ്രന്ഥത്തിലെ പ്രധാന ഉള്ളടക്കം. അക്കാലത്തെ മുസ്ലിംകള്‍ക്ക് പോര്‍ച്ചുഗീസുകാരെ പ്രതിരോധിക്കാനുള്ള പ്രചോദനം നല്‍കാനായിരുന്നു ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്.

ദക്ഷിണേന്ത്യയിലെ സ്വതന്ത്ര മുസ്ലിം രാജവംശങ്ങളിലൊന്നായിരുന്ന ആദില്‍ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ രാജാവായിരുന്ന ബീജാപ്പൂര്‍ സുല്‍ത്താന്‍ അലി ആദില്‍ഷാക്കാണ് ശൈഖ് മഖ്ദൂം ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നത്. 1557 മുതല്‍ 1580 വരെ ഭരണം നടത്തിയ അദ്ധേഹവുമായി പല കാരണങ്ങള്‍ കൊണ്ടും വലിയ സൗഹാര്‍ദമാണ് ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം നിലനിര്‍ത്തിയിരുന്നത്.

അറബി ഭാഷയിലാണ് തുഹ്ഫതുല്‍ മുജാഹിദീന്‍ രചിക്കപ്പെടുന്നത്. എന്നിട്ടും ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിന്‍, സ്പാനിഷ്, ചെക്ക് തുടങ്ങിയ വിദേശ ഭാഷകളിലേക്കും മലയാളം, ഉറുദു, കന്നട, ഗുജറാത്തി, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലേക്കും ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ മലയാളത്തിലേക്ക് തുഹ്ഫത്തുല്‍ മുജാഹിദീനിന്‍റെ മൂന്ന് പരിഭാഷകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ടെന്ന് കാണാവുന്നതാണ്. 1936 ല്‍ മൂസാന്‍കുട്ടി മൗലവിയുടെയും 1963 ല്‍ വേലായുധന്‍ പണിക്കശ്ശേരിയുടെയും 1995 ല്‍ സി ഹംസയുടേതുമാണവ.

നാല് ഭാഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ഇതിലെ ഒന്നാം ഭാഗം ചര്‍ച്ചചെയ്യുന്നത് ജിഹാദിനുള്ള പ്രചോദനങ്ങളും അതിനെ സംബന്ധിച്ച ചില നിര്‍ദേശങ്ങളുമാണ്. ഖുര്‍ആനിക വചനങ്ങളും പ്രവാചകാധ്യാപനങ്ങളും ഉള്‍പ്പെടുത്തിയാണ് ശൈഖ് മഖ്ദൂം ഈ ഭാഗം തയ്യാറാക്കിയിട്ടുള്ളത്.

മലബാറിലെ ഇസ്ലാമത പ്രചാരണാരംഭ ചരിത്രമാണ് രണ്ടാം ഭാഗത്തിലെ വിഷയം. ഹിജ്റ ഇരുനൂറാം ആണ്ടിനപ്പുറം നടന്നെന്ന് ഭൂരിഭാഗം ചരിത്ര പണ്ഡിതരും നിഗമനത്തിലെത്തിയ ഒരു ചരിത്രമാണ് ഈ ഭാഗത്ത് പരാമര്‍ശിക്കുന്നത്. ആ ചരിത്രം ചുരുക്കി ഇങ്ങനെ വിശദീകരിക്കാം. കൊടുങ്ങല്ലൂരില്‍ അക്കാലത്ത് ഒരു രാജാവ് ഭരണം നടത്തുമ്പോള്‍ സിലോണിലുള്ള ആദം മലയിലെ കാല്‍പാട് സന്ദര്‍ശിക്കാന്‍ ഒരു കൂട്ടം മുസ്ലിംകള്‍ പോകുന്നവഴി കൊടുങ്ങല്ലൂരും സന്ദര്‍ശിക്കുകയുണ്ടായി. അവരോട് സംസാരിച്ചപ്പോള്‍ രാജാവിന് അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമായി. സംസാരത്തിനിടെ സംഘത്തലവന്‍ രാജാവിന് പ്രവാചകനെയും ഇസ്ലാമതത്തെയും ചന്ദ്രന്‍ പിളര്‍ന്ന അദ്ഭുത സംഭവത്തെയും വിശദീകരിച്ച് നല്‍കി. പ്രവാചകരുടെ സത്യാവസ്ഥ ബോധ്യപ്പെട്ട അദ്ദേഹം അവസാനം വളരെ രഹസ്യമായി അവരോടൊപ്പം അറേബ്യയിലേക്ക് പോകുകയും വഴിയില്‍ വെച്ച് മലബാറില്‍ ഇസ്ലാം മതം പ്രചരിപ്പിക്കുവാനും പള്ളികള്‍ നിര്‍മിച്ച് പ്രവര്‍ത്തിക്കുവാനും വേണ്ടി പുറപ്പെട്ട മറ്റൊരു സംഘത്തെ കണ്ടുമുട്ടുകയും ചെയ്തു. ഇതിനിടെ രോഗബാധിതനായ രാജാവ് പ്രസ്തുത സംഘത്തോട് ഇന്ത്യയിലേക്കുള്ള യാത്ര തുടരാന്‍ ആവശ്യപ്പെടുകയും അവിടെയുള്ള രാജാവിനെ കാണിക്കാന്‍ മലയാളത്തില്‍ ഒരു എഴുത്ത് നല്‍കുകയും ചെയ്തു. രാജാവ് മരണപ്പെട്ട ശേഷം ഈ സംഘം മലബാറിലേക്ക് തിരിക്കുകയും അവിടുത്തെ രാജാവ് അവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. തല്‍ഫലായി ഇസ്ലാമിക പ്രചരണം മലബാറില്‍ സാധ്യമാകുകയുമുണ്ടായി. പല അഭിപ്രായങ്ങളും ഈ രാജാവ് ആരായിരുന്നു എന്ന വിഷയത്തില്‍ നിലനില്‍കുന്നുണ്ട്.

തുഹ്ഫതുല്‍ മുജാഹിദീനിലെ മൂന്നാം ഭാഗം ചര്‍ച്ച ചെയ്യുന്നത് അക്കാലത്തെ മലബാറിലെ ഹിന്ദുക്കളുടെ ചില വിചിത്ര സമ്പ്രദായങ്ങളെ കുറിച്ചാണ്. അവര്‍ക്കിടയിലെ വിവാഹ - അന്തരാവകാശമടക്കമുള്ള നിയമങ്ങളും ജാതീയതയുടെ പ്രശ്നങ്ങളും ഈ ഭാഗത്ത് ചര്‍ച്ച ചെയ്യുന്നുണ്ട്. അവര്‍ക്കിടയിലെ വിചിത്ര ആചാരങ്ങളും സമ്പ്രദായങ്ങളും കാരണമാണ് അവര്‍ ഇസ്ലാമിലേക്ക് ആകൃഷ്ടരാകാന്‍ പ്രധാന കാരണമെന്നും മഖ്ദൂം പറഞ്ഞുവെക്കുന്നുണ്ട്.

14 അധ്യായങ്ങള്‍ ഉള്‍കൊള്ളുന്ന ഈ ഗ്രന്ഥത്തിലെ നാലാം ഭാഗത്തിലുള്ളത് പോര്‍ച്ചുഗീസുകാരുടെ മലബാറിലേക്കുള്ള വരവും തുടര്‍ന്നുള്ള അവരുടെ ദുഷ്ട ചെയ്തികളെ കുറിച്ചുമുള്ള വിവരണമാണ്. ഓരോ അധ്യായങ്ങളും തെളിവുകള്‍ സഹിതം വിവരിക്കുന്ന മഖ്ദൂം പറയുന്ന പ്രധാന കാര്യം മുസ്ലിംകളെ മതം മാറ്റി ക്രിസ്തുമതത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു പോര്‍ച്ചുഗീസുകാരുടെ എന്നത്തെയും ഏറ്റവും വലിയ ലക്ഷ്യമെന്നാണ്. ഈ വസ്തുതയും തെളിവുകളുടെ പിന്‍ബലത്തോടെയാണ് ശൈഖ് മഖ്ദൂം രേഖപ്പെടുത്തിയിട്ടുള്ളത്.

ചുരുക്കത്തില്‍ കേരള ചരിത്രത്തെ കുറിച്ച് മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തമാണിത്. ഇതിനെ വളരെ മനോഹരമായി ആവശ്യമായ വിശദീകരണത്തോടെ വിവര്‍ത്തനം ചെയ്ത സി. ഹംസയുടെ കൃതി ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ശൈഖ് മഖ്ദൂം രണ്ടാമന്‍റെ മരണവിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പള്ളിയിലാണ് ഇദ്ദേഹത്തിന്‍റെ ഖബര്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളിലൊന്നാണിത്.

malayalam book download:
https://bit.ly/2P1aYVV

Post a Comment

Previous Post Next Post