ഈയിടെ വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചതും വെറൈറ്റിയായി തോന്നിയതുമായ പുസ്തകമായിരുന്നു എ സജീവന്‍ എഴുതിയ "ഒരു അമുസ്ലിമിന്‍റെ പ്രിയപ്പെട്ട ഇസ്ലാം" എന്ന കൃതി. ബുക്ക്പ്ലസ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെ കുറിച്ച് മുമ്പുതന്നെ കേട്ടിരുന്നെങ്കിലും മുഴുവനായി വായിച്ച് തീര്‍ത്തത് ഈയിടെയായിരുന്നു. ഒരു അമുസ്ലിം എത്ര കൃത്യമായാണ് ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുള്ളത് എന്ന് ഓരോ വരി വായിക്കുമ്പോഴും തോന്നിപ്പോവുകയുണ്ടായി.
ഇസ്ലാമിക ചരിത്രം യദാർത്ഥ സോഴ്സിൽ നിന്ന് വളരെ സൂക്ഷ്മമായി അദ്ദേഹം പഠിച്ചിട്ടുണ്ടെന്ന കാര്യം വളരെ വ്യക്തമാണ്. ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേവലം പറഞ്ഞ് പോകുന്നതിന് പകരം ഇസ്ലാമിനെതിരെ വരുന്ന വിമർശനങ്ങൾ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ച് വളരെ യുക്തിഭദ്രമായി ഇസ്ലാമിക നിലപാടുകളെ സമർത്ഥിക്കുകകൂടി ചെയ്യുന്നുണ്ട് അദ്ദേഹം ഈ പുസ്തകത്തിൽ.
ഗ്രന്ഥകാരനായ എ സജീവന്‍ ബേപ്പൂര്‍ നടുവട്ടത്ത് 1961 ലാണ് ജനിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും മലയാളം സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടി. 1984 മുതല്‍ 2010 വരെ കേരളകൗമുദിയില്‍ പത്രാധിപതസമിതി അംഗമായി. തുടര്‍ന്ന് കലാകൗമുദിയില്‍ റീജണല്‍ എഡിറ്ററായും മംഗളം ദിനപ്പത്രത്തില്‍ എക്സിക്യുട്ടീവ് എഡിറ്ററായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സുപ്രഭാതം ദിനപ്പത്രത്തില്‍ എക്സിക്യുട്ടീവ് എഡിറ്ററാണ്. നിരവധി ഗ്രന്ഥങ്ങള്‍ എഴുതുകയും പല പുരസ്കാരങ്ങള്‍ക്ക് അര്‍ഹനാകുകയും ചെയ്ത അദ്ധേഹം ചിന്തകനും പ്രഭാഷകനും കൂടിയാണ്.
മതേതരത്വമെന്ന ആശയത്തെ കുറിച്ച് വല്ലാതെ സംസാരിക്കുകയും എല്ലാവരെയും ഉൾകൊള്ളുന്ന വിശാല മനസ്സിനുടമയാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം കേൾക്കുമ്പോഴും ലേഖനങ്ങൾ വായിക്കുമ്പോഴും തോന്നാറുണ്ട്. അതുകൊണ്ടുതന്നെയാകാം ഈ പുസ്തകവും അദ്ദേഹം
ലോകമെങ്ങും കാരുണ്യവും സ്നേഹവും സാഹോദര്യവും പുലരണമെന്നാഗ്രഹിക്കുന്ന എല്ലാ നല്ലമനുഷ്യര്‍ക്കും വേണ്ടി സമർപ്പിക്കാൻ തയ്യാറായത്.
ഈ പുസ്തകം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എഴുതിയ ആമുഖം വളരെ ശ്രദ്ധേയമാണ്. അമുസ്ലിമായ അദ്ധേഹം മുസ്ലിംകളുടെ മതമായ ഇസ്ലാമിനെ കുറിച്ച് നന്മകളെഴുതുന്നുവെന്ന് പലരും അറിഞ്ഞപ്പോള്‍ നേരിട്ട വാക്കുകളും അനുഭവങ്ങളും തുടക്കത്തില്‍ തന്നെ അദ്ധേഹം പരാമര്‍ശിക്കുന്നുണ്ട്. ഒരു മതത്തില്‍ ജനിച്ചുകഴിഞ്ഞാല്‍ പിന്നെ മറ്റു മതങ്ങളെ കുറിച്ച് പഠിക്കാനോ നല്ല വശങ്ങള്‍ എഴുതാനോ പാടില്ലാത്തസാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം സങ്കടത്തോടെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങളൊക്കെയും അദ്ദേഹത്തിന് ഈയൊരു പുസ്തകമെഴുതാന്‍ പ്രചോദനമാകുകയാണുണ്ടായതെന്നും അതിനുള്ള കാരണങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട് ഈ ആമുഖത്തിൽ. രണ്ട് കാരണങ്ങളാണ് അദ്ദേഹം ഇതിനായി പറഞ്ഞത്.
ഒന്നാമതായി അദ്ദേഹത്തിന്‍റെ വീട്ടുകാരില്‍ നിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവും തന്നെയായിരുന്നു. രണ്ടാമതായി അദ്ദേഹം പറയുന്ന കാരണം അദ്ധേഹത്തിന്‍റെ കൂടെ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്ത പല മുസ്ലിം വ്യക്തികളുടെയും പെരുമാറ്റമായിരുന്നു എന്നതാണ്. അഥവ ആഗോള തലത്തിൽ ഇസ്ലാമികഭീതിയും മുസ്ലിംവേട്ടയുമൊക്കെ നടക്കുന്നത് ഗ്രന്ഥകാരൻ ശ്രദ്ധിച്ചപ്പോൾ തന്റെ കൂടെ നല്ല രൂപത്തിൽ ജീവിച്ച് കൊണ്ടിരിക്കുന്ന മുസ്ലിംകളുടെ മതം ഭീകരമാണോ എന്നൊരന്വേഷണമായിരുന്നു ഈ പുസ്തകം.
അദ്ദേഹം ആമുഖത്തില്‍ ഇപ്രകാരം പറയുന്നുണ്ട്. ഖുര്‍ആനില്‍ നിന്നും നബി ചര്യയില്‍ നിന്നും യദാര്‍ത്ഥ ഇസ്ലാമിനെ കണ്ടെത്താനുള്ള ശ്രമമാണിത്. അതിനാൽ ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയാത്ത അമുസ്ലിംകള്‍ക്ക് മാത്രമല്ല, മുസ്ലിമെന്ന പേരില്‍ ജീവിക്കുമ്പോഴും ഇസ്ലാമിന്‍റെ അന്തസത്ത തിരിച്ചറിയാതെ പോകുന്നവര്‍ക്കുകൂടി ഉപകരിക്കുന്നതാണ് ഈ പുസ്തകം. ഈ പുസ്തക വായന പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം തോന്നിയ യാദാര്‍ത്ഥ്യങ്ങളായിരുന്നു അവയെല്ലാം. ഈ പുസ്തകം അദ്ദേഹം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ ഈ ഉദ്ധരണി എടുത്തുപറഞ്ഞുകൊണ്ടാണ്. "വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്". ഏതായാലും മികച്ചൊരാമുഖം അദ്ദേഹം ഈ പുസ്തകത്തിന് നൽകിയിട്ടുണ്ട്.
തുടർന്ന് ഈ പുസ്തകത്തിൽ ഉള്ളത് അവതാരികയാണ്. ഇത് എഴുതിയിട്ടുള്ളത് ദാറുൽ ഹുദ വൈസ് ചാൻസ് ലറും സമസ്ഥ കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീൻ നദ് വിയാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം "എന്തുകൊണ്ട് നിങ്ങൾ ഈ പുസ്തകം വായിക്കണെമന്ന്?" അവതാരികക്ക് അദ്ദേഹം ഒരു തലക്കെട്ട് നൽകിയിട്ടുണ്ട് എന്നതാണ്. തികച്ചും കൗതുകം തോന്നിയ കാര്യമായിരുന്നു അത്. കാരണം സാധാരണ നമ്മൾ കാണുന്ന പുസ്തകങ്ങളിലൊന്നും അവതാരികക്ക് ഒരു തലക്കെട്ട് നൽകി കാണാറില്ല. ഈ പുസ്തകം എത്രത്തോളം ഉന്നതമാണെന്ന സൂചനയാണ് ഈ തലക്കെട്ട് നൽകുന്നതെന്ന് വ്യക്തമാണിവിടെ.
ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത് ഇസ്ലാമുമായും ഇസ്ലാമിന്‍റെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുമാണ്. പത്ത് വ്യത്യസ്ത അധ്യായങ്ങളിലായാണ് അദ്ദേഹം ഈ പുസ്തകം എഴുതിയിട്ടുള്ളത്. ഒന്നാം അധ്യായം "എന്തുകൊണ്ട് ഇസ്ലാം" എന്നതിൽ ഇസ്ലാമിന്‍റെ പിറവിയുടെ കാരണങ്ങളും പ്രചോദനങ്ങളും അന്വേഷിക്കുന്നതാണ്. അറേബ്യയുടെ പ്രവാചകാഗമനത്തിന് മുമ്പുള്ള അവസ്ഥയും നബി (സ്വ) ദീൻപ്രചരിപ്പിച്ച രീതിയും മാർഗവും കൂടി ഈ ഭാഗത്ത് ഗ്രന്ഥകാരൻ എഴുതുന്നുണ്ട്. ആ സമൂഹത്തെ ആളുകൾ എന്തുകൊണ്ട് ഇസ്ലാമിനെ സ്വീകരിക്കാൻ തയ്യാറായി എന്നതും ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട് ഈ ഭാഗത്ത്.
തുടർന്ന് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ ഇവയാണ്. എന്താണ് ഇസ്ലാം?, വിശ്വാസം അതുതന്നെ എല്ലാം, മുഹമ്മദ് എന്ന മാതൃകാപുരുഷൻ, ഇസ്ലാമിന്‍റെ വിജയ രഹസ്യം, ഇസ്ലാം സ്ത്രീ വിരുദ്ധമോ? , സഹനത്തിന്‍റെ മതം, സമാധാനത്തിന്‍റെ മതം, നബി എന്തുകൊണ്ട് വാളെടുത്തു?, ഭീകരമതം ആക്കിയതാര്? ഇങ്ങനെ പത്ത് വിഷയങ്ങളാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത്. ഈ വിഷയങ്ങളെല്ലാം വളരെ മനോഹരമായി കൃത്യവും ആധികാരികവുമായ സോഴ്സുകളുടെ സഹായത്തോടെ വിശദീകരിച്ചിട്ടുണ്ട് ഈ പുസ്തകത്തിൽ.
ഇസ്ലാമിന്‍റെ നന്മകളെ എടുത്ത് പറയുന്നതോടൊപ്പം ചില മുസ്ലിംകളുടെ നല്ലതല്ലാത്ത പ്രവണയെ വിമർശിക്കുകയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരൻ. അഥവാ ഇസ്ലാമിനെതിരെ ഉയർന്ന് വരുന്ന വിമർശനങ്ങൾക്ക് മറുപടിയായി പല മുസ്ലുംകളും പാലിക്കുന്ന മൗനം ഭീരുത്വമാണെന്നും, ഇല്ലാത്തതോ പ്രബലമല്ലാത്തതോ ആയ സോഴ്സുകളുടെ സഹായത്തോടെ കാര്യങ്ങളെ ന്യായീകരിക്കൽ അനാവശ്യവും അപക്വവുമാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. വിമർശനങ്ങള ആർജവത്തോടെ നേരിടുകയും യുക്തിഭദ്രമായി അവയെ വിശദീകരിക്കുകയുമാണ് ചെയ്യേണ്ടത് എന്നതാണ് ഗ്രന്ഥകാരൻ അത്തരം മുസ്ലിംകളോട് പറയുന്നത്. അതിനാൽ ഇസ്ലാമിനെതിരെ സാധാരണ വിമർശനങ്ങൾ വരാറുള്ള വാളുപയോഗം, യുദ്ധം, ഇസ്ലാമും സ്ത്രീയും, ഭീകരമതം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ആധികാരിക സോഴ്സുകൾ ഉപയോഗിച്ച് സമർത്ഥമായും യുക്തിഭദ്രമായും
അവതരിപ്പിച്ചത് വായിക്കാൻ വളരെ മനോഹരമാണ്. ആർക്കും മനസ്സിലാക്കാൻ സഹായകമാകുന്ന രൂപത്തിൽ സിമ്പിളായ കെട്ടിക്കുടുക്കുകൾ ഇല്ലാത്ത ഭാഷയിലാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.
Post a Comment