റാത്തീബിനെ കുറിച്ച് കേൾക്കാത്തവരായി നമുക്കിടയിൽ അധികമാരും ഉണ്ടാകില്ല. നമ്മുടെ നാട്ടിലൊക്കെ ഒരുകാലത്ത് സജീവമായിരുന്ന ഒന്നായിരുന്നു റാത്തീബ്. ഇന്ന് പഴയപോലെ നടക്കുന്നില്ല എങ്കിലും പലയിടങ്ങളിലും ഇന്നും റാത്തീബ് നടക്കുന്നുണ്ട്. സുന്നികൾ അതൊരു പുണ്ണ്യകർമമായി കാണുകയും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നാട്ടിലെ മുജാഹിദ് വിഭാഗം ഉൾപ്പെടെയുള്ള ബിദഈകക്ഷികൾ പലതിനെയും എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന കൂട്ടത്തിൽ റാത്തീബിനേയും എതിർക്കാറുണ്ട്.

റാത്തീബിന്‍റെ കൂട്ടത്തിൽ പ്രധാനമുള്ള ഒന്നാണ് രിഫാഈ റാത്തീബ്. മഹാസൂഫിവര്യനായിരുന്ന ശൈഖ് രിഫാഈ ശൈഖി (ഹി:512-578) ലേക്ക് ചേർത്താണ് രിഫാഈ റാത്തീബ് ചൊല്ലാറുള്ളത്. മറ്റു റാത്തീബുകളുടെ കൂട്ടത്തിൽ നിന്ന് രിഫാഈ റാത്തീബിനെ വ്യത്യസ്ഥമാക്കുന്നതും വിമർശകർ വല്ലാതെ വിമർശിക്കുകയും ചെയ്യാറുള്ള വിഷയമാണ് ഈ റാത്തീബിലെ ആയുധപ്രയോഗം. അതിനാൽ രിഫാഈ റാത്തീബ് കുത്തുറാത്തീബ് അല്ലെങ്കിൽ കുത്താറാത്തീബ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പത്ത് പന്ത്രണ്ട് പേർ മുഖത്തോട് മുഖം തിരിഞ്ഞിരുന്ന് ദഫ് മുട്ടും. മുട്ടി പകുതിയാകുമ്പോൾ ഹാളിറത്തിന്‍റെ ബൈത്ത് ചൊല്ലും. അപ്പോൾ കൂട്ടത്തിലൊരാൾ ഷർട്ട് അഴിച്ചുവന്ന് ഒരോരുത്തരുമായി മുസ്വാഫഹത്ത് ചെയ്യുന്നു. പിന്നെ കഠാരയോ കത്തിയോ മറ്റു ആയുധമോ എടുത്ത് രിഫാഈ ശൈഖിനെ വിളിച്ച് ദേഹമാസകലം കുത്തിവരയുന്നു. രിഫാഈ ശൈഖിന്‍റെ കറാമത്ത് പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടന്നുവരാറുള്ളത്. ശൈഖിന്‍റെ കറാമത്തിന്‍റെ ഫലമായി എല്ലാ പരിക്കുകളും മാറുമെന്ന വിശ്വാസമാണ് ഇതിന് പിന്നിലുള്ളത്.

എന്നാൽ ശിയാക്കളുടെ മുഹറം 10 ലെ ആയുധപ്രയോഗമായും മറ്റുമൊക്കെ ഇതിനെ താരതമ്യപ്പെടുത്തി കേരളത്തിലെ മുജാഹിദ് വിഭാഗം ഉൾപ്പെടെയുള്ള പലരും ഇതിനെ വിമർശിക്കുമ്പോൾ ഇതിന്‍റെ മതവിധി മനസ്സിലാക്കൽ അത്യാവശ്യമാണ്.
ആദ്യമായി നാം ഇവിടെ മനസ്സിലാക്കേണ്ട കാര്യം സുന്നികൾ അടിസ്ഥാനപരമായി കുത്താറാത്തീബിനെ അംഗീകരിക്കുന്നുണ്ടെങ്കിലും കുത്താറാത്തീബെന്ന പേരിൽ നടക്കുന്നതിനെ മുഴുവനും അംഗീകരിക്കുന്നില്ല. ഇതിനെ വിമർശിക്കുന്നവർ പറയാറുള്ളത് ഖുർആനിലെ അൽബഖറയിലെ 195 -ാം വചനമാണ്. അതിന്‍റെ അർത്ഥം ഇങ്ങനെയാണ്. "നിങ്ങളുടെ കൈകളെ നിങ്ങൾ തന്നെ നാശത്തിലേക്ക് വലിച്ചിടരുത്". ഈ ആജ്ഞ എല്ലായിടത്തും ബാധകമാണെങ്കിലും യാതൊരു അപകടവും സംഭവിക്കില്ലെന്ന് ഉറപ്പുള്ള വിഷയങ്ങളിലും ഇത് ബാധകമാണെന്ന് പറയാനാകില്ല. കാരണം ശരീരത്തെ പീഢിപ്പിക്കുന്ന വിഷയം അവിടെ വരുന്നില്ല. ഇത്തരത്തിൽ പീഢനമോ അതിക്രമമോ വരില്ലെന്ന് ഉറപ്പുള്ള സമയത്ത് ചെയ്യുന്നതിന് കുഴപ്പമില്ല എന്നതിന് ഖുർആനിൽ നിന്ന് തന്നെ തെളിവുകൾ ലഭ്യമാണ്. മൂസാ (അ) നെ മാതാവ് പെട്ടിയിൽ ആക്കി സമുദ്രത്തിലൊഴുക്കിയ സംഭവം ഇതിന് ഒരു ഉദാഹരണമാണ്. അപ്രകാരം തന്നെ സഞ്ചരിക്കുന്ന കപ്പലിന്‍റെ അടിഭാഗം ഖളിർ (അ) തകർത്ത ചരിത്രവും ഖുർആനിലുണ്ട്. ഇതിന് പുറമെ സ്വഹാബാക്കളുടെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ കാണാം. അബ്ദുൽ മസീഹ് എന്ന ക്രിസ്ത്യാനി നൽകിയ മാരകവിഷം ഖാലിദുബ്നു വലീദ് (റ) ബിസ്മിയും ചില ദിക്റും ചൊല്ലി കഴിച്ച "ഹയാതുസ്വഹാബ" എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട സംഭവവും ഇതിന് തെളിവാണ്. അബൂദർദാഅ് (റ) എന്ന സ്വഹാബിക്ക് അടിമസ്ത്രീ നൽകിയിരുന്ന വിഷം തന്‍റെ ദിക്ർ കാരണം ഏൽക്കാതിരുന്ന സംഭവവും ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്.
ശാഫിഈ ഫിഖ്ഹിലെ തുഹ്ഫയിൽ പറയുന്നതായി ഇപ്രകാരം കാണാം. "രക്ഷപ്പെടുമെന്ന് ബോധ്യമുണ്ടെങ്കിൽ വാൾ, കുന്തം പോലുള്ള മാരകായുധങ്ങൾ പ്രയോഗിക്കുന്നതിൽ തെറ്റില്ല"(തുഹ്ഫ 9:398).



ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിൽ ഒരു റാത്തീബിലൂടെ വല്ല സാഹസിക പ്രവർത്തനങ്ങളും നടത്തുകയും ശേഷം പെട്ടെന്ന് സുഖപ്പെടുന്നത് റാത്തീബിന്‍റെ  മഹത്വം കൊണ്ടാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യാൻ വേണ്ടി ചെയ്യുന്നവയെ നിരുപാധികം എതിർക്കാനോ അനുവദനീയമല്ലെന്ന് പറയാനോ പാടില്ല. അതിനാൽ ധാരാളം ദിക്ർ ചൊല്ലി രിഫാഈ ശൈഖിനെ പോലെയുള്ള മഹാത്മാക്കളെ തവസ്സുലാക്കി കറാമത്തുകൾ പ്രകടമാക്കാൻ വേണ്ടി ചെയ്യുന്ന റാത്തീബ് പുണ്ണ്യകർമം കൂടിയാണ്. മഹാത്മാക്കളുടെ കറാമത്ത് വെളിവാക്കുക എന്ന ഉദ്ദേശത്തോടെ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് ശറഇൽ അനുവദനീയവുമാണ്. അതിനാൽ ഈ പുണ്ണ്യകർമം കൊണ്ട് നേർച്ചയാക്കലും സ്വഹീഹാകും.

റാത്തീബിന്‍റെ സദസ്സിൽ മേൽപറയപ്പെട്ട വിശ്വാസത്തിൽ ആയുധപ്രയോഗം കുഴപ്പമില്ല എന്ന് പറയാമെങ്കിലും കുത്താറാത്തീബെന്ന പേരിൽ നടക്കുന്നതെല്ലാം കറാമത്താണെന്നോ ശറഇൽ അനുവദനീയമാണെന്നോ പറയാനാകില്ല. ഈ രംഗത്തും ഹറാമുകൾ അരങ്ങേറുന്നുണ്ട്. ആയുധപ്രയോഗങ്ങൾ നടത്തി ശരീരം മുറുപ്പെടുത്തി അതില്ലാതാക്കുന്ന മെജീഷ്യന്മാരും നമ്മുടെ കൂട്ടത്തിലുണ്ട്. കറാമത്തും സിഹ്റും മാജിക്കും തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളെല്ലാം ശരീഅത്ത് തന്നെ നിശ്ചയിച്ചതിനാൽ ഇസ്ലാമിക പരിധി ലംഘിച്ചുകൊണ്ടുള്ള ഒന്നും കറാമത്തായി കണക്കാക്കാൻ പറ്റില്ല. ബിഗ് യ പേജ് 298 ൽ കാണാം: 'അഹ്മദ് രിഫാഈ, അഹ്മദ് ബിൻ അൽവാൻ തുടങ്ങിയ ഔലിയാക്കളെ അവംബിക്കുകയും കത്തി, ദബ്ബൂസ് പോലെയുള്ളവ ഉപയോഗിച്ച് നെഞ്ച് കീറുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും തീ ചുമക്കുകയും അത് തിന്നുകയും ചെയ്യുന്നവർ ഇസ്ലാമിക ശരീഅത്തിന്‍റെ കൽപനകൾ അംഗീകരിക്കുകയും വിരോധനകൾ ഉപേക്ഷിക്കുകയും      വ്യക്തിബാധ്യതകളെ കുറിച്ച് പൂർണ അറിവുണ്ടാകുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ കറാമത്തുകളിൽ പെട്ടതാണ്'. ചുരുക്കത്തിൽ കുത്തുറാത്തീബിനെ നിരുപാധികം ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി വിമർശിക്കുന്നത് ശരിയല്ല. 

Post a Comment

Previous Post Next Post